Asianet News MalayalamAsianet News Malayalam

മുത്തലാഖ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന കു‌ഞ്ഞാലിക്കുട്ടിയോട് രാജി ആവശ്യപ്പെടണം: കെ ടി ജലീൽ

മുത്തലാഖ് വോട്ടെടുപ്പിൽ  നിന്ന് വിട്ടുനിന്ന പി കെ  കുഞ്ഞാലിക്കുട്ടിയോട് എം പി സ്ഥാനം രാജിവയ്ക്കാന്‍ മുസ്ലീം ലീഗ് ആവശ്യപ്പെടണമെന്ന് മന്ത്രി കെ ടി ജലീൽ. 

K T Jaleel against kunjali kutty
Author
Malappuram, First Published Dec 28, 2018, 2:40 PM IST

മലപ്പുറം: മുത്തലാഖ് വോട്ടെടുപ്പിൽ  നിന്ന് വിട്ടുനിന്ന പി കെ  കുഞ്ഞാലിക്കുട്ടിയോട് എം പി സ്ഥാനം രാജിവയ്ക്കാന്‍ മുസ്ലീം ലീഗ് ആവശ്യപ്പെടണമെന്ന് മന്ത്രി കെ ടി ജലീൽ. ഇത് മുസ്ലീം ലീഗിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമെന്നും മന്ത്രി പറഞ്ഞു. ബിസിനസിലാണ് താൽപര്യമെങ്കിൽ കുഞ്ഞാലിക്കുട്ടി അതു ചെയ്യട്ടെ. മലപ്പുറത്ത് വീണ്ടും കുഞ്ഞാലിക്കുട്ടി മത്സരിച്ചാൽ പണ്ട് മഞ്ചേരിയിൽ തോറ്റ കെ പി എ മജീദിന്റെ അനുഭവമാവും ഉണ്ടാവുക എന്നും ജലീല്‍ പറഞ്ഞു. 

അതേസമയം, മുത്തലാഖ് ബില്ല് ചര്‍ച്ചയില്‍ മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. ബില്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും കുഞ്ഞാലിക്കുട്ടി  പങ്കെടുക്കാത്തത് ബി ജെ പിയുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ഐഎന്‍എല്‍ ആരോപിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ വോട്ട് ചെയ്തപ്പോള്‍ കുഞ്ഞാലിക്കുട്ടി എന്തുകൊണ്ടാണ് മാറി നിന്നതെന്ന് വ്യക്തമാക്കണമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം അബ്ദുള്‍ അസീസ് ആവശ്യപ്പെട്ടു. 

അതേസമയം  കുഞ്ഞാലിക്കുട്ടി സുഹൃത്തായ പ്രവാസിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിൽത്തങ്ങിയെന്നാണ് വ്യക്തമാകുന്നത്. ഐഎന്‍എല്ലിന്‍റെ ആരോപണങ്ങള്‍ക്കടക്കം മറുപടി കുഞ്ഞാലിക്കുട്ടി തന്നെ നല്‍കുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു. വിവാദത്തോട് കുഞ്ഞാലിക്കുട്ടിതന്നെയാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുത്തലാഖ് ബില്ല് ഇന്നലെയാണ് ലോക്സഭയില്‍ പാസായത്. ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ രണ്ടാം തവണയും ബില്‍ ലോക്സഭയില്‍ പാസാക്കുകയായിരുന്നു. ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ബഹിഷ്കരിച്ചപ്പോള്‍ സി പി എമ്മും ആര്‍ എസ് പി യുടെ എൻ കെ പ്രേമചന്ദ്രനും എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. മുസ്ലിം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയാകട്ടെ വോട്ടെടുപ്പും ചര്‍ച്ചയും നടന്നപ്പോള്‍ പാര്‍ലിമെന്‍റില്‍ ഉണ്ടിയിരുന്നതേയില്ല. കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios