തിരുവനന്തപുരം: വനിതാ മതിലിനെ വിമർശിച്ച സമസ്തയ്ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ ടി ജലീല്‍. വനിതാ മതിലിൽ മുസ്ലീം സ്ത്രീകൾ പങ്കെടുക്കരുതെന്ന് പറയാൻ സമസ്തയ്ക്ക് എന്ത് അർഹതയെന്ന് കെ ടി ജലീല്‍ പ്രതികരിച്ചു‍. 

സമസ്തയുടെ നിലപാടിന് പുല്ലുവില മാത്രം. ലീഗ് സ്പോൺസേർഡ് പ്രസ്ഥാനമായി മാറിയ സമസ്തയുടെ വിശ്വാസ്യത തകരുന്നു. മതസംഘടനകൾ രാഷ്ട്രീയം പറയേണ്ടെന്നും കെ ടി  ജലീൽ പറഞ്ഞു.

വനിതാ മതിലില്‍ പങ്കെടുക്കാനോ സഹകരിക്കാനോ ഇല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാമതിലുമായി യോജിപ്പില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി. മതത്തിന്‍റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ലെന്നും അബ്ദുസമദ് പറഞ്ഞു.

ഇതിനെതിരെ മന്ത്രി എ സി മൊയ്തീനും രംഗത്തെത്തിയിരുന്നു. കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കാര്യങ്ങൾ  നിച്ഛയിക്കുന്നത് സമസ്ത അല്ലെന്നു മന്ത്രി എ സി മൊയ്‌തീൻ പറഞ്ഞു.സ്ത്രീകളെ എല്ലാ കാലത്തും അടിമകൾ ആക്കി വയ്ക്കാൻ ആകില്ല എന്ന് എ സി മൊയ്തീന്‍ പറഞ്ഞുവെച്ചു.  നല്ല നിലപാടുകളുടെ കാലത്ത് ചില മതങ്ങൾ എങ്കിലും ഇത്തരം തെറ്റായ ആശയങ്ങൾ വച്ചു പുലർത്തുന്നുണ്ട്. ഈ ആശയങ്ങൾക്ക്  സമൂഹത്തെ മുന്നോട്ടു നയിക്കാൻ ആകില്ല എന്നും എ സി മൊയ്‌തീൻ പറഞ്ഞു