കൊച്ചി: രജനി ചിത്രം കബാലി കാണാൻ കൊച്ചിയിലെ ഒരു ഐടി കമ്പനി ജീവനക്കാർക്ക് അവധി നൽകി. ആദ്യ അദ്യഷോയ്ക്കുള്ള ടിക്കറ്റും സൗജന്യമാണ്. കേരളത്തിൽ ആദ്യമായിട്ടാണ് സിനിമ കാണാനായി ഒരു കമ്പനി അവധി പ്രഖ്യാപിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കബാലീശ്വരനെ കാണാൻ ലീവെടുക്കേണ്ട, പണവും മുടക്കേണ്ട. ഇറോം ഗ്രൂപ്പിന് കീഴിലുള്ള കൊച്ചി ഇൻഫോടെക് കമ്പനി ജീവനക്കാർ നേരെ ഇടപ്പള്ളിയിലുള്ള പിവിആര്‍ സിനിമാസിൽ എത്തിയാൽ മതി. കബാലി കാണാൻ ചെന്നൈയിലും ബംഗലൂരുവിലുമെല്ലാം നിരവധി കന്പനികൾ ജീവനക്കാർക്ക് അവധി നൽകിയിട്ടുണ്ടെങ്കിലും കേരളത്തിൽ ആദ്യമാണ് ഈ പരീക്ഷണം.

കബാലിയുടെ ടിക്കറ്റ് കിട്ടാനായി വിവിധ മാർഗങ്ങൾ പയറ്റി തളർന്നിരിക്കുമ്പോഴാണ് സ്വപ്നതുല്യ വാഗ്ദാനവുമായി ജീവനക്കാർക്ക് മുന്നിലേക്ക് കമ്പനി അധികൃതർ എത്തിയത്. കടുത്ത രജനി ആരാധകരുള്ള ഓഫീസിലെങ്ങും കബാലി ചർച്ചയാണ്. കബാലിയുടെ പോസ്റ്റർ പതിച്ച വാഹനവും ജീവനക്കാരിലൊരാൾ നിരത്തിലിറക്കിയിട്ടുണ്ട്.