തിരുവനന്തപുരം: കടകംപ്പള്ളി ഭൂമി ഇടപാട് കേസില്‍ ഒരു കുറ്റപത്രം കൂടി സിബിഐ നല്‍കി. 2005ല്‍ നടന്ന ഭൂമി ഇടപാടിലെ ക്രമക്കേടിനെ കുറിച്ചാണ് കുറ്റപത്രം സിബിഐ സമര്‍പ്പിച്ചത്. ഈ കുറ്റപത്രത്തില്‍ സലിംരാജിനെ പ്രതിയാക്കിയിട്ടില്ല.
കടകംപ്പള്ളി ഭൂമി ഇടപാടില്‍ അഞ്ച പേരെ പ്രതിചേര്‍ത്താണ് സിബിഐ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. വര്‍ക്കല സ്വദേശി നിസ്സാര്‍ അഹമ്മദ്, സുഹറ ബീവി, മുഹമ്മദ് കാസിം,റുക്കിയബീവി, കടകംപ്പള്ളി മുന്‍ വില്ലേജ് ഓഫീസറായിരുന്ന വിദ്യോദയകുമാര്‍ എന്നിവരെ പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കടകംപ്പള്ളി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെടെ പ്രതിയായി അഞ്ചു കുറ്റപത്രങ്ങള്‍ സിബിഐ ഇതിനകം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഗൂഡാലോചന, തെളിവു നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് സലിംരാജിനെതിരെ ചുമത്തിയിരിക്കുന്നത്. സലിംരാജിന്റെ ഭാര്യയെ എഫ്‌ഐ ആറില്‍ പ്രതി ചേര്‍ത്തിരുന്നുവെണ്ടിയും കുറ്റപത്രത്തില്‍നിന്ന് ഒഴുവാക്കിയിരുന്നു.
ഇതു കൂടാതെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടുന്ന അഴിമതി കേസിലെ സപ്ലെമെന്ററികുറ്റപത്രം സിബിഐ കോടതിയില്‍ ഇന്ന് നല്‍കിയത്. 2005മുതല്‍ കടകംപ്പള്ളി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസ് അന്വേഷണിച്ച സിബിഐ വിവിധ കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചത്. തണ്ടപ്പേര്‍ തിരുത്തിയ കേസില്‍ രണ്ടു കുറ്റുപത്രങ്ങള്‍ വൈകാതെ സമര്‍പ്പിക്കും. ഇതുമായി ബന്ധുപ്പെട്ട് ചില റവന്യൂ ഉദ്യോഗസ്ഥരുടെയും ആധാരമെഴുത്തുകാരുടെയും നുണപരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
