ശബരിമല സ്ത്രീ പ്രവേശനം ദേവസ്വം ബോർഡിന് സ്വന്തം നിലപാട് അറിയിക്കാൻ സ്വാതന്ത്ര്യമുണ്ട് വിഷയത്തില്‍ പ്രതികരിച്ച് കടകംപള്ളി സുരേന്ദ്രന്‍
തിരുവനനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോർഡിന് സ്വന്തം നിലപാട് അറിയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയിൽ സ്ത്രീകൾക്കുള്ള നിയന്ത്രണം നീക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് സുപ്രീംകോടതിയിൽ പുതിയ സത്യവാംങ്മൂലം നൽകാൻ തിരുവിതാരംകൂര്‍ ദേവസ്വം തീരുമാനിച്ചിരുന്നെങ്കിലും പഴയ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്‍റെ അഭിഭാഷകൻ മനു അഭിഷേക് സിംഗ്‍വി സ്ത്രീ പ്രവേശനത്തെ ശക്തമായി എതിര്‍ത്തു. ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയെന്നോ, പുതിയ നിലപാട് അറിയിക്കാൻ സമയം വേണമെന്നോ അഭിഭാഷകൻ ആവശ്യപ്പെട്ടില്ല. കേസിൽ ദേവസ്വം ബോര്‍ഡിന്‍റെ വാദം പൂര്‍ത്തിയാവുകയും ചെയ്തു.
എന്നാൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നിലപാട് അറിയിക്കാൻ ഭരണഘടന ബെഞ്ചിൽ സമയം ചോദിച്ചുവെന്ന അവകാശവാദമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് നടത്തിയത് പദ്മകുമാര്‍ നടത്തിയത്. ശബരിമലക്കാര്യത്തിൽ സര്‍ക്കാര്‍ നിലപാടിനോടുള്ള വിയോജിപ്പ് ദേവസ്വം ബോര്‍ഡ് അഭിഭാഷകൻ സുപ്രീംകോടതിയെ കൃത്യമായി അറിയിക്കുകയാണ് ചെയ്തത്. അപ്പോഴാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്റെ ഈ വിചിത്രമായ പ്രസ്താവന.
ശബരിമലയിലെ സവിശേഷ സാഹചര്യത്തിൽ കോടതി ഇടപെടരുതെന്നും അത് വിശ്വാസത്തിന്‍റെയും സമ്പ്രദായത്തിന്‍റെയും ഭാഗമാണെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചിരുന്നു. പുരുഷ മേധാവിത്വ മനോഭാവത്തിന്‍റെ പ്രതിഫലനമാണ് ഇതൊക്കെയെന്ന് കോടതി പറഞ്ഞു. ലോകത്ത് എല്ലാ സമൂഹത്തിലും അതുണ്ടെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നൽകി. പരമാവധി ഇത്തരം അനീതികൾ അവസാനിപ്പിക്കാൻ ശ്രമിക്കുമെന്ന പരാമര്‍ശത്തോടെയാണ് ഇന്നത്തെ വാദംകേൾക്കൽ സുപ്രീംകോടതി അവസാനിപ്പിച്ചത്.
