മാധ്യമങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന സര്‍ക്കാരാണിതെന്നും ദേവസ്വം മന്ത്രി 

തൃശൂര്‍: ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന സര്‍ക്കാരാണിതെന്നും ദേവസ്വം മന്ത്രി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ കൂടുതല്‍ സുരക്ഷ ആവശ്യപ്പെടുന്ന സമയമാണിത്.

പ്രശ്നങ്ങളില്ലാതെ ശബരിമലയില്‍ ചടങ്ങുകള്‍ നടക്കുമെന്നും വിശ്വാസികൾക്ക് സുരക്ഷ കൊടുക്കുന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ആക്ടിവിസ്റ്റുകള്‍ക്ക് പ്രകടനം നടത്താനുളള സ്ഥലമല്ല ശബരിമലയെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സന്നിധാനത്തേക്ക് പോകാന്‍ സ്ത്രീകളാരും സമീപിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു. 

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും പറഞ്ഞു. സുരക്ഷാക്രമീകരണം പൂര്‍ത്തിയാക്കിയാല്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. തുലാമാസ ചടങ്ങുകള്‍ക്ക് നടതുറന്ന സമയത്ത് ശബരിമലയിലും പരിസരത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം ഉണ്ടായിരുന്നു. 

ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ തീരുമാനമെടുത്തത്. ചിത്തിര ആട്ടവിശേഷത്തിന് നാളെ ശബരിമല നട തുറക്കുന്നതിനാല്‍ ശബരിമലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.