ജേക്കബ് തോമസിന്‍റെ പരിഹാസത്തെ ഗൗരവത്തോടെ കാണേണ്ട കാര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന്‍റെ പൊലീസിലെ പതിപ്പാണ് ജേക്കബ് തോമസ്. 

തിരുവനന്തപുരം: ജേക്കബ് തോമസിന്‍റെ പരിഹാസത്തെ ഗൗരവത്തോടെ കാണേണ്ട കാര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന്‍റെ പൊലീസിലെ പതിപ്പാണ് ജേക്കബ് തോമസ്. നാവിന് എ്ലല്ലില്ലാത്തതിനാല്‍ എന്തും വിളിച്ചു പറയുന്ന വ്യക്തിയാണ്. ഇപ്പോള്‍ അദ്ദേഹം സസ്പെന്‍ഷനിലാണെന്നാണ് ഞാന്‍ കരുതുന്നത്. പൊലീസിന്‍റെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് അദ്ദേഹം സസ്പെന്‍ഷനിലായത്. ശബരിമലയില്‍ പൊലീസ് വളരെ മാന്യമായാണ് പെരുമാറുന്നതെന്ന് എല്ലാ മാധ്യമങ്ങളും കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുദ്രവാക്യങ്ങളായാണ് ശരണം വിളിക്കുന്നത്. ശരണം വിളിക്കേണ്ടത് മുദ്രാവാക്യങ്ങളായല്ല. അവിടെ കലാപമുണ്ടെന്ന് വരുത്തേണ്ടത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആവശ്യമാണ്. അത് നടപ്പിലാക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഇന്നലെ അവിടെ നിന്ന് അറസ്റ്റിലായത് ക്രിമിനലുകളാണ്. അവര്‍ക്ക് മാത്രമാണ് നിരോധനാജ്ഞ ബാധകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സേനയില്‍ മിനിമം അച്ചടക്കം പോലും പാലിക്കാനാകാത്ത ജേക്കബ് തോമസിനെ പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് മറുപടി പറയേണ്ടതില്ല. ഡിജിപി സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്ന് കാലങ്ങളായി അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരെയും പോലെ അയ്യപ്പനെ വരെ പരിഹസിക്കാന്‍ അദ്ദേഹം തയ്യാറാകുമെന്നും കടകംപള്ളി സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശബരിമലയിലെ നിരോധനാജ്‍ഞയെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു. ഗതാഗതക്കുരുക്കുള്ള കുണ്ടന്നൂരിൽ നിരോധനാജ്ഞ ആദ്യം നടപ്പാക്കണമെന്നാണ് എറണാകുളം വഴി യാത്ര ചെയ്യുമ്പോൾ തനിക്ക് തോന്നിയിട്ടുള്ള‌തെന്നും ജേക്കബ് തോമസ് പറഞ്ഞു. നാലിൽ കൂടുതൽ അം​ഗങ്ങളുള്ള വീട്ടിലും ഒരു നിരോധനാജ്ഞ നടപ്പാക്കണമെന്നാണ് തന്റെ മറ്റൊരു അഭിപ്രായമെന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത പരിഹാസം. സുപ്രീം കോടതി വിധികൾ എല്ലാം നടപ്പാക്കിയിട്ടുണ്ടോ എന്നും ജേക്കബ് തോമസ് ചോദിച്ചു.

താൻ വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല സന്ദർശനത്തിനെത്തിയപ്പോൾ‌ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി ജേക്കബ് തോമസ്. ശബരിമലയിലെ നിരോധനാജ്ഞയുടെ കാലാവധി നവംബർ 26 വരെ നീട്ടിയതായി കളക്ടർ പ്രഖ്യാപിച്ചിരുന്നു. ഇലവുങ്കൽ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നിരോധനാജ്‍ഞ പിൻവലിക്കണമെന്ന് പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.