ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടാല്‍ മടങ്ങിപ്പോകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃപ്തി ദേശായിക്കെതിരായ പ്രതിഷേധത്തിനെതിരെ സംസാരിക്കുകയായിരുന്നു ദേവസ്വം മന്ത്രി. 

തിരുവനന്തപുരം: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടാല്‍ മടങ്ങിപ്പോകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃപ്തി ദേശായിക്കെതിരായ പ്രതിഷേധത്തിനെതിരെ സംസാരിക്കുകയായിരുന്നു ദേവസ്വം മന്ത്രി. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വിമാനത്താവളത്തിൽ നടക്കുന്നത് പ്രാകൃത പ്രതിഷേധമാണ്. അവരോട് മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

തൃപ്തി ദേശായി വന്നത് കോടതി വിധിയുടെ ബലത്തിലാണ്. ഇതിനെല്ലാം പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ നാടകമാണ്. രമേശ് ചെന്നിത്തലയും ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റ് പി.സുരേന്ദ്രന്‍ പിള്ളയും ഒന്ന് നല്ലവണ്ണം പറഞ്ഞാൽ തൃപ്തി മടങ്ങിപോകുമെന്നും അദ്ദേഹം പറഞ്ഞു. 

തീർത്ഥാടകരുടെ ബസ് ടിക്കറ്റിന് 48 മണിക്കൂറായിരിക്കും കാലാവധി. അതിനകം തിരിച്ചെത്തിയില്ലെങ്കിൽ പുതിയ ടിക്കറ്റ് എടുക്കണം. പമ്പയിൽ വിരിവിരിക്കാൻ സൗകര്യം നൽകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം ബോർഡ് അംഗങ്ങളുമായി നിലയ്ക്കലിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ കഴിഞ്ഞ ഏഴ് മണിക്കൂറായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നില്‍ക്കുന്ന തൃപ്തി ദേശായി ശബരിമലയില്‍ ദര്‍ശനം നടത്താതെ തിരിച്ച് മഹാരാഷ്ട്രയിലേക്ക് പോകില്ലെന്ന് അറിയിച്ചു. തൃപ്തിയുമായി സന്ധിസംഭാഷണത്തിന് സാധ്യതയന്വേഷിക്കുകയാണ് സംസ്ഥാന സര്‍ക്കാറെന്നാണ് റിപ്പോര്‍ട്ടുകള്‍.