Asianet News MalayalamAsianet News Malayalam

എൻഎസ്എസ് ഓഫീസ് ആക്രമണത്തെ അപലപിച്ച് കടകംപള്ളി;ശബരിമല വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാര്‍

ബിജെപിക്ക് സ്വാധീനമുള്ള മേലാംകോട്  എൻഎസ്എസ് ഓഫീസിന് നേരെ നടന്ന ആക്രമണത്തിനു പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്നാണ് മന്ത്രിയുടെ ആരോപണം. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് ചിലരുടെ ശ്രമമെന്നും മന്ത്രി കുറ്റപ്പെടുത്തി.
 

Kadakampally Surendran says always ready for discussion on sabarimala
Author
Trivandrum, First Published Nov 3, 2018, 2:06 PM IST

തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ എന്‍എസ്എസ് അടക്കമുളള സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിടിവാശിയില്ല. എന്നാല്‍ കലക്കവെളളത്തില്‍ മീന്‍ പിടിക്കാനാണ് ചിലരുടെ ശ്രമമെന്നും തിരുവനന്തപുരത്ത് എന്‍എസ്എസ് ഓഫീസ് ആക്രമിച്ചതിനു പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും കടകംപളളി പറഞ്ഞു. 

മേലാംകോട് എന്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിലും ദേവസ്വം നിയമനങ്ങളിലെ സംവരണ പ്രശ്നത്തിലും സര്‍ക്കാരിനെതിരെ സുകുമാരന്‍ നായര്‍ രൂക്ഷവിമര്‍ശനം നടത്തിയതിനു പിന്നാലെയാണ് എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് കടകംപളളി വ്യക്തമാക്കിയത്. എൻഎസ്എസ് മഹനീയ പാരമ്പര്യമുളള സംഘടനയാണ്. ശബരിമല അടക്കമുളള വിഷയങ്ങളില്‍ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്നും ദേവസ്വം മന്ത്രി
പറഞ്ഞു.

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമില്ല. സാമൂഹ്യവിരുദ്ധരെ ഒഴിവാക്കാനുളള പരിശോധന മാത്രമാണ് നടക്കുന്നത്. ബിജെപിക്ക് സ്വാധീനമുളള മേലാംകോട് എന്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണം സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യംവച്ചെന്നും കടകംപളളി പറഞ്ഞു. അതേസമയം ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സമീപത്തെ കെട്ടിടങ്ങളില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഓഫീസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios