തനിക്കെതിരെ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും, പൊലീസ് വെള്ളം കുടിക്കാനും മരുന്ന് കഴിക്കാനും അനുവദിച്ചില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രൻ ആരോപിച്ചിരുന്നു. 

തിരുവനന്തപുരം: സുരേന്ദ്രന് വേണ്ടതെല്ലാം പൊലീസ് സ്റ്റേഷനില്‍ ചെയ്ത് കൊടുത്തെന്നും സുരേന്ദ്രന്‍റെ ആരോപണങ്ങള്‍ കള്ളമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കിടക്കാനുള്ള സൗകര്യവും ചൂടുവെള്ളവും ആഹാരവും മരുന്നും സുരേന്ദ്രന് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. സ്റ്റേഷനിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസിലാവുമെന്നും മന്ത്രി പറഞ്ഞു. സുരേന്ദ്രന്‍റെ അമ്മ മരിച്ച് നാലുമാസം പോലും തികയാതെയാണ് സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയത്. എന്നാല്‍ ആചാരങ്ങള്‍ വിശ്വസിക്കുന്നവര്‍ ആറുമാസം എങ്കിലും തികയാതെ അമ്പലത്തില്‍ കയറില്ലെന്നും മന്ത്രി പറഞ്ഞു.

തനിക്കെതിരെ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും, പൊലീസ് വെള്ളം കുടിക്കാനും മരുന്ന് കഴിക്കാനും അനുവദിച്ചില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.