തിരുവനന്തപുരം: നക്ഷത്ര വിളക്കുകളും പുല്‍കൂടുകളും ഒരുക്കാതെ തീരദേശം. ഉറ്റവരെ കാത്തിരിക്കുന്ന കുടുംബങ്ങള്‍, ഉറ്റവരെ കടല്‍ കൊണ്ട് പോയപ്പോള്‍ കണ്ണീര് മാത്രം ബാക്കിയായവര്‍. ഇവര്‍ക്കിടയിലേക്കാണ് ക്രിസ്മസ് ദിനത്തില്‍ ആശ്വാസവാക്കുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരത്തെ വെട്ടുകാട് ദുരന്തം നേരിട്ട വീടുകളില്‍ ആശ്വാസ വാക്കുകളുമായെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ക്രിസ്മസ് കാലത്ത് ഒരു മത്സ്യത്തൊഴിലാളി പോലും പട്ടിണി കിടക്കേണ്ട സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കില്ലെന്ന് ഉറപ്പ് നല്‍കി. 

ക്രിസ്മസ് ദിനത്തില്‍ തീരദേശമേഖലയിലും ലത്തീന്‍ രൂപതയ്ക്ക് കീഴിലെ പള്ളികളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. എല്ലാം നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ പങ്കുചേരുന്നവെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം പറഞ്ഞു. കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കാതോലിക്കാ ബാവയും ക്രിസ്മസ് ദിനത്തില്‍ വിഴിഞ്ഞം കടപ്പുറത്ത് ദുരിത ബാധിതരെ കാണാനെത്തി.

ഇതിനിടെ പുതുവര്‍ഷമാഘോഷിക്കാന്‍ സ്വകാര്യ ഗ്രൂപ്പിന് ശംഖുമുഖം കടപ്പുറം വിട്ട് നല്‍കിയ ഡിടിപിസിയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് തീരദേശത്ത്. ബീച്ച് ഫെസ്റ്റ് എന്ന പരിപാടി സര്‍ക്കാറിന്റെ അറിവോടെയല്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. സ്ഥലം വാടകയ്ക്ക് നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പറഞ്ഞു. പ്രതിഷേധങ്ങളെ തുടര്‍ന്ന് സ്റ്റേജ് പരിപാടികള്‍ അടക്കം വേണ്ടെന്ന് വച്ചെന്ന് സംഘാടകരും അറിയിച്ചു.