സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ  വിധി പുനഃപരിശോധിക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 

തിരുവനന്തപുരം: സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാൻ തീരുമാനിച്ചത്. ജനുവരി 22-ന് തുറന്ന കോടതിയിൽ വാദം കേൾക്കും. അതേസമയം, സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ല.

'തുറന്ന കോടതിയിൽ വാദം കേൾക്കും' എന്ന, ഒരു പേജില്‍ ഒതുങ്ങുന്ന ഉത്തരവാണ് ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ റോഹിൻടൺ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖാൻവീൽക്കര്‍, ഇന്ദുമൽഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി പുനഃപരിശോധിക്കുമെന്ന ഭരണഘടനാ ബഞ്ചിന്‍റെ ഉത്തരവില്‍ സന്തോഷമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. തുറന്ന കോടതിയില്‍ ജനുവരി 22ന് പുനപരിശോധനാ ഹര്‍ജികള്‍ കേള്‍ക്കുമെന്ന ഉത്തരവില്‍ സന്തോഷമുണ്ട്. തുറന്നകോടതിയിലും വിജയം പ്രതീക്ഷിക്കുന്നു. സമാധാനവും സന്തോഷവും ശബരിമലയില്‍ പുനസ്ഥാപിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇത് അയ്യപ്പന്‍റെ വിജയമാണ്. അയ്യപ്പന്‍ അനുഗ്രഹിച്ചെന്നും ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനാണ് ഇതിന് പിന്നലെന്നും തന്ത്രി പറഞ്ഞു.