തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇന്ന് നിയമസഭയില്‍ നടന്ന അരമണിക്കൂര്‍ ചര്‍ച്ചയില്‍ മുന്‍നിലപാടുകള്‍ ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതി വിധി എന്താണോ അത് നടപ്പാക്കുക മാത്രമേ സര്‍ക്കാര്‍ ചെയ്യൂ എന്ന് വ്യക്തമാക്കിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിധിയ്ക്കെതിരെ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരില്ലെന്നും കൂട്ടിച്ചേര്‍ത്തു.

നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ നിന്നും.... 

എംഎൽഎമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാൻ സ്പീക്കർ മുൻകൈയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ താന്‍ സർക്കാരുമായി ചർച്ച നടത്തിയെന്ന് സ്പീക്കർ അറിയിച്ചു. നിരോധനാജ്ഞ പിൻവലിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച  നടത്തേണ്ടതുണ്ടെന്ന് സർക്കാർ വിവരം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ മറുപടി നല്‍കി. 

നിയമസഭയില്‍ രാവിലെ നടന്ന ചര്‍ച്ചയില്‍ വിവിധ അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളും അതിന് ദേവസ്വം മന്ത്രി നല്‍കിയ മറുപടിയും...

പിസി ജോര്‍ജ്: ഇക്കുറി നിയമസഭ തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷനേതാവും പ്രതിപക്ഷവും ശബരിമലവിഷയമാണ് ഉന്നയിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിപക്ഷഎംഎല്‍എമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭയില്‍ സത്യഗ്രഹമിരിക്കുന്നു ബിജെപി നിരാഹാരസമരം നടത്തുന്നു. പ്രശ്നം ഇത്രയും രൂക്ഷമായ ശേഷം നവംബര്‍ 18-നാണ് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശഹര്‍ജി നല്‍കിയത്. തീര്‍ത്ഥാടനത്തിന് മുന്‍പേ തന്നെ സാവകാശ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് അവസരം ഉണ്ടായിരുന്നു. ഇക്കാര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് തന്നെ നേരത്തെ പറഞ്ഞതാണ്. എന്നാല്‍  അദ്ദേഹത്തെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി.

കടകംപള്ളി സുരേന്ദ്രന്‍: ദേവസ്വം ബോര്‍ഡ് സ്വതന്ത്രസംവിധാനമാണ്. അവര്‍ക്ക് സ്വന്തമായി നിലപാട് എടുക്കാന്‍ അവകാശവും അധികാരവും ഉണ്ട്. ഈ കേസ് നടന്ന 2006 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ദേവസ്വം ബോര്‍ഡ് സ്വതന്ത്ര നിലാപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തിലൊന്നും സര്‍ക്കാരിന് ഇടപെടാനാവില്ല

പിസി ജോര്‍ജ്:- ഞാന്‍ പറഞ്ഞതാണോ മന്ത്രി ഈ പറഞ്ഞതാണോ സത്യം എന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ. ദേവസ്വം ബോര്‍ഡില്‍ ഇടപെടുന്നില്ലെന്ന് പറയുന്ന മന്ത്രിയോട് ഞാന്‍ ചോദിക്കുന്നു. താന്ത്രികവിധി അനുസരിച്ച് ക്ഷേത്രകാര്യങ്ങള്‍ തീരുമാനിക്കേണ്ട തന്ത്രിയോട് എങ്ങനെയാണ് വിശദീകരണം തേടി നോട്ടീസ് അയക്കുക. തന്ത്രി സര്‍ക്കാരിന് കീഴിലാണെന്നാണോ കരുതുന്നത്. 

കടകംപള്ളി സുരേന്ദ്രന്‍: ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച് ശബരിമലതന്ത്രി ഒരു രാഷ്ട്രീയനേതാവിന്‍റെ ഉപദേശം തേടിയെന്ന വാര്‍ത്തയില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുണ്ട്. തന്ത്രിമാര്‍ സര്‍ക്കാരിന് കീഴില്‍ അല്ല ദേവസ്വം ബോര്‍ഡിന് കീഴിലാണ പ്രവര്‍ത്തിക്കുന്നത്. ദേവസ്വം ബോര്‍ഡ് മാനുവലില്‍ തന്ത്രിമാരുടെ അധികാരങ്ങളെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. ശാന്തിക്കാരെ പോലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണ്ടവരാണ് തന്ത്രിമാര്‍. അവരുടെ തീരുമാനങ്ങള്‍ ദേവസ്വംബോര്‍ഡിന് വിധേയമായിട്ടായിരിക്കും. പൂജാസംബന്ധിയായ കാര്യങ്ങളില്‍ അല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ തന്ത്രിമാര്‍ക്ക് തീരുമാനമെടുക്കാനാവില്ല. 

ഐഷാ പോറ്റി: കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് നാട്ടിലാകെ നടത്തുന്ന പ്രശ്നങ്ങളില്‍ ഒരു വനിതയെന്ന നിലയിലും ബ്രാഹ്മണകുടുംബാംഗം എന്ന നിലയിലും അപമാനം തോന്നുന്നുണ്ട്. (സഭയില്‍ ബഹളം)രാഷ്ട്രീയ നേട്ടത്തിന് സ്ത്രീകളെ കരുവാക്കി .ഇക്കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒന്നു തന്നെ. 12  വര്‍ഷം സമയമെടുത്ത് വിഷയത്തിന്‍റെ എല്ലാ വശങ്ങളും പരിഗണിച്ചാണ് സുപ്രീംകോടതി യുവതീപ്രവേശനവിഷയത്തില്‍ അന്തിമതീരുമാനം എടുത്തത്. അതിനെയാണ് പിസി ജോര്‍ജ് അടക്കമുള്ളവര്‍ ഇവിടെ ചോദ്യം ചെയ്യുന്നത്

കടകംപള്ളി:  ശബരിമല വിഷയത്തിനു പിന്നിൽ സങ്കുചിത രാഷ്ട്രീയ താത്പര്യമാണ്. ലോക്സഭാ തെരഞ്ഞെടുപ്പും ഒരു സീറ്റും കുറച്ചായിരം വോട്ടും കിട്ടാനാണ് ചിലര്‍ ഈ വിഷയം കത്തിക്കുന്നത്. ഇതേക്കുറിച്ച് സര്‍ക്കാരിന് കൃത്യമായി അറിയാം. കോൺഗ്രസ് ഇവിടെ കെണിയിൽപ്പെട്ടു. പ്രഖ്യാപിത നിലപാട് മറന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കളിക്കുന്നത്. ഈ സങ്കുചിത താത്പര്യ രാഷ്ട്രീയത്തില്‍ നിന്നും രാജ്യത്തിന്‍റെ വിശാലമായ താത്പര്യത്തിലേക്ക് വരാന്‍ യുഡിഎഫ് എങ്കിലും തയ്യാറാവണം എന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. 

എംകെ മുനീര്‍: സവാകാശ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് എന്താണ്. സര്‍ക്കാര്‍ പറയുന്നത് ഹിന്ദു ധര്‍മശാസ്ത്രം അറിയുന്നവരുടെ ഒരു സമിതി രൂപീകരിച്ച് അവരുടെ അഭിപ്രായം കൂടി കോടതിയെ അറിയിക്കണം എന്നാണ്. ലോക്സഭയില്‍ കേരളത്തിലെ ഇരുപത് സീറ്റിലും ബിജെപി കയറാതെ ജയിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അദ്ദേഹം (കടകംപള്ളി) ഞങ്ങളോടൊപ്പം നില്‍ക്കുമോ മോദി വീണ്ടും വരാതിരിക്കാന്‍ വേണ്ടി അതിന് യോജ്യമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമോ.

കടകംപള്ളി: ഇപ്പോള്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തില്‍ വരണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ മാത്രമല്ല കേരളത്തിലെ മുഴുവന്‍ മതേതരവാദികളും അതാണ് ആഗ്രഹിക്കുന്നത്. പക്ഷേ കേരളത്തില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്. പത്തനംതിട്ടയില്‍ ആദ്യം നിരാഹാരം കിടന്നത് നിങ്ങളല്ലേ. നിങ്ങളെ തോല്‍പിക്കാനല്ലേ പിന്നെ ആര്‍എസ്എസിനെ കൂട്ടി ബിജെപി രംഗത്തിറങ്ങിയത്. ശബരിമല വിഷയത്തില്‍ കോണ‍്ഗ്രസ് സ്വീകരിച്ച നിലപാട് വര്‍ഗീയധ്രുവീകരണത്തിന് വഴിവക്കുമെന്ന കാര്യം ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിലും ചരിത്രം നിങ്ങള്‍ക്ക് മാപ്പ് തരില്ല. സുപ്രീംകോടതിയുടെ തീരുമാനം എന്തായാലും അത് സര്‍ക്കാര്‍ അംഗീകരിക്കും അതിലൊരു നിയമനിര്‍മ്മാണം സര്‍ക്കാര്‍ നടത്തില്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. 

രാജു എബ്രഹാം: ശബരിമലയിലെ വരുമാനം മുസ്ലീം--ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നല്‍കുന്നുവെന്ന പ്രചരണമാണ് കെപി ശശികല അടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ നടത്തുന്നത്. തീര്‍ത്ഥാടകരെ അഴുക്ക് ചാലില്‍ കിടത്തുന്നു, നടപ്പന്തലില്‍ വെള്ളം ഒഴിച്ച് ഭക്തരെ കിടത്തുന്നില്ല തുടങ്ങി പലതരം വ്യാജപ്രചരണങ്ങളാണ് ശശികല ടീച്ചറെ പോലെയുള്ളവര്‍ നടത്തുന്നത്. ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുക.

കടകംപള്ളി: ശശികല വർഗീയത വ്യാപരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വനിതയാണ്.  നമ്മള്‍ ഹിന്ദുകള്‍ പരഗതിയില്ലാതെ നടക്കുന്പോള്‍ ദേവസ്വം ബോര്‍ഡിലെ 60 ശതമാനം ജീവനക്കാര്‍ ക്രൈസ്തവരാണ് എന്നൊക്കെ അവര്‍ മൈക്ക് വച്ച് പ്രസംഗിക്കുന്ന വീഡിയോ എന്‍റെ കൈവശമുണ്ട്. ഇന്ന് ഞാന്‍ പത്രത്തില്‍ വായിച്ചത് അവര്‍ എനിക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുക്കും എന്നാണ്. അവരുടെ വെല്ലുവിളി ഞാന്‍ സ്വീകരിക്കുകയാണ്. ശശികലയുടെ വര്‍ഗ്ഗീയവിഷ പ്രചരണത്തിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കും. 

ഒ.രാജഗോപാല്‍: ഈ പ്രശ്നങ്ങളൊക്കെ തുടങ്ങുന്നത് സുപ്രീംകോടതി വിധിയോടെയാണ്. ആ വിധി പരിശോധിക്കണം എന്നാവശ്യപ്പെട്ട് 40ഓളം ഹര്‍ജികള്‍ സുപ്രീംകോടതിയിലുണ്ട്. വിധിയില്‍ തെറ്റുകളുണ്ടെങ്കില്‍ അത് തിരുത്തപ്പെടും. ലിംഗസമത്വം ചൂണ്ടിക്കാട്ടിയാണ് ഈ വിധി. എന്നാല്‍ ശബരിമലയിലെ ആചാരഅനുഷ്ഠാനങ്ങളും മതവിശ്വാസങ്ങളും അവിടെ ലംഘിക്കപ്പെട്ടു. ഈ നിയമത്തിന്‍റെ പ്രശ്നങ്ങളൊക്കെ മന്ത്രി പറയുകയുണ്ടായി. എന്നാല്‍ ഏറ്റവും കൂടുതല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് കടകംപള്ളി സുരേന്ദ്രന്‍ വലപ്പോഴും അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ കയറുന്നത് നന്നാവും

ദേവസ്വം മന്ത്രി: എന്‍റെ പേരില്‍ ധാരാളം കേസുകളുണ്ട്. സമരം നടത്തിയതിനും മറ്റുമാണ് കൂടുതല്‍ കേസുകളും. മിക്ക കേസിലും ‍ഞാന്‍ ജാമ്യം നേടിയിട്ടുണ്ട്.അതൊക്കെ ഞാന്‍ നോക്കിക്കോളാം അതേപ്പറ്റി അങ്ങ് വ്യാകുലപ്പെടേണ്ട കാര്യമില്ല. ഇപ്പോള്‍ അങ്ങ് 1996-ല്‍ എഴുതിയ ഒരു ലേഖനം ഞാന്‍ വായിക്കാം... (ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനത്തിനായി പ്രത്യേക ദിവസവും സൗകര്യവും അനുവദിക്കണം എന്നാവശ്യപ്പെട്ട് ഒ.രാജഗോപാല്‍ എഴുതിയ ലേഖനം മന്ത്രി വായിക്കുന്നു. പണ്ട് ശബരിമല  കൊടുംവനമായിരുന്ന കാലത്ത് സ്ത്രീകള്‍ ശബരിമല യാത്ര ഒഴിവാക്കിയത് പിന്നീട് ആചാരമായി മാറിയതാവാം എന്ന് മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ രാജഗോപാല്‍ പറഞ്ഞെന്നും മന്ത്രി).

ശബരിമലയില്‍ യുവതികള്‍ പ്രവേശിപ്പിക്കണം എന്ന് സര്‍ക്കാരിന് താത്പര്യപ്പെട്ടിരുന്നുവെങ്കില്‍ പതിനായിരക്കണക്കിന് സത്രീകള്‍ ഇതിനോടകം അവിടെ കയറിയേനെ അതു തടയാന്‍ ആര്‍ക്കുമാവില്ല. സുപ്രീംകോടതി എന്ത് പറയുന്നോ അത് സര്‍ക്കാര്‍ നടപ്പാക്കും. പുനപരിശോധന ഹര്‍ജി തള്ളി പഴയ സ്ഥിതി തിരിച്ചു കൊണ്ടു വരാന്‍ കോടതി പറ‍ഞ്ഞാല്‍ അതും സര്‍ക്കാര്‍ ചെയ്യും. 

എം.സ്വരാജ്: ഭരണഅട്ടിമറി സ്വപ്നം കണ്ടുള്ള സമരാഭാസമാണ് ശബരിമലയില്‍ നടക്കുന്നത്. വര്‍ഗ്ഗീയ പ്രചരണം നടത്തുന്ന ശശികല ജാമ്യം കിട്ടി ഇറങ്ങി വന്നപ്പോള്‍ യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ കീഴിലുള്ള ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്യുന്നത് നാം കണ്ടു. ഒരു അമ്മൂമ്മയുടെ തലയിലേക്ക് തേങ്ങ എറിയുന്നത് കണ്ടു. സ്ത്രീ പ്രവേശനം തടയാന്‍ സന്നിധാനത്ത് മൂത്രമൊഴിക്കും എന്നൊരാള്‍ പറയുന്നത് നാം കണ്ടു. പതിനെട്ടാം പടി കയറി  അയ്യപ്പന് മുന്നില്‍ പൃഷ്ടപ്രദര്‍ശനം നടത്തുന്നതും നാം കണ്ടു. ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്ക് നേരെ അക്രമം അഴിച്ചു വിടാന്‍ ശ്രമിക്കുന്നവരും അവിടെ കലാപം നടത്താന്‍ നില്‍ക്കുന്നവരും ഇനി അവിടെ കയറി കളിക്കാത്ത രീതിയില്‍ നടപടികള്‍ സ്വീകരിക്കുമോ.

ദേവസ്വം മന്ത്രി: 144 പ്രഖ്യാപിച്ചത് കൊണ്ട് ഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കുന്ന പലതും അവിടെ നടന്നു. ആര്‍എസ്എസിന്‍റെ അഴിഞ്ഞാട്ടമായിരുന്നു അവിടെ. വത്സന്‍ തില്ലങ്കേരിയെ പോലുള്ള സാമൂഹിക വിരുദ്ദര്‍ അവിടെ കയറി കൂടാതിരിക്കാനാണ് 144 പ്രഖ്യാപിച്ചത്. അല്ലാതെ ഭക്തരെ ബുദ്ധിമുട്ടിക്കാനല്ല. ചില നിയന്ത്രണങ്ങള്‍ ഉണ്ട് എന്നു മാത്രം. കഴിഞ്ഞ ദിവസം ശബരിമല സന്ദര്‍ശിച്ച ഹൈക്കോടതി നിരീക്ഷക സമിതി നിലവിലെ സംവിധാനങ്ങളില്‍ തൃപ്തി അറിയിച്ചിട്ടുണ്ട്. സന്നിധാനത്ത് കലാപം നടത്താന്‍ നിരന്തരം ശ്രമിക്കുന്ന സാമൂഹികവിരുദ്ധര്‍ക്കെതിരെ 144 ആവശ്യമാണ്. അതു തുടരും

രമേശ് ചെന്നിത്തല: സന്നിധാനത്ത് വന്ന സാമൂഹികവിരുദ്ധരുടെ കൈയില്‍ ആരാണ് മൈക്ക് കൊടുത്തത്. ഇത്രയൊക്കെ നടന്നിട്ടും ഇതേക്കുറിച്ച് ഒരു ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പോലും സര്‍ക്കാരിന് ലഭിച്ചില്ലേ. ശ്രീ രാജഗോപാല്‍ എഴുതിയ ലേഖനം ഇവിടെ മന്ത്രി വായിച്ചു. എനിക്ക് രാജഗോപാലിനോട് ചോദിക്കാനുള്ളത് രാധാകൃഷ്ണനോട് സമരം അവസാനിപ്പിക്കാന്‍ അങ്ങേയ്ക്ക് പറഞ്ഞൂടേ എന്നാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നുവെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ ഈ സമരകോലഹാലം നടത്തുന്നത്. 

സുപ്രീംകോടതിവിധി വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ പത്മകുമാര്‍ പറഞ്ഞത് എന്‍റെ വീട്ടില്‍ നിന്നാരും മലയ്ക്ക് പോകില്ലെന്നാണ്. അങ്ങനെ പറഞ്ഞ അദ്ദേഹം ഇപ്പോള്‍ എന്ത് നിലപാടാണ് സ്വീകരിച്ചത്. ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണസമിതി പന്പയിലെ അസൗകര്യങ്ങളെക്കുറിച്ച് പറഞ്ഞതിനെപ്പറ്റി മന്ത്രി ഒന്നും മിണ്ടിയില്ല. സംഘപരിവാര്‍ സംഘടനയായ അയ്യപ്പസേവാസമിതിക്ക് അന്നദാനത്തിന് അനുമതി നല്‍കിയ തീരുമാനം പിന്‍വലിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറുണ്ടോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.

ദേവസ്വംമന്ത്രി: ശബരിമലയിലും നിലയ്ക്കലിലും പന്പയിലും അന്നദാനം നടത്തുന്നത് ദേവസ്വം ബോര്‍ഡ് തന്നെയാണ്. അതിലേക്ക് വേണ്ട സാധനങ്ങളും സാമഗ്രഹികളും സംഭവാന നല്‍കുന്നത് വിവിധ സംഘടനകളും വ്യക്തികളുമാണ് നിലവില്‍ അന്നദാനത്തിന് വേണ്ട സഹായങ്ങള്‍ അയ്യപ്പസേവാസമിതി ല്‍കുന്നുണ്ട്. അന്നദാനത്തിന് ആര് സഹായവുമായി വന്നാലും അതിപ്പോള്‍ കുമ്മനം രാജശേഖരന്റെ പാര്‍ട്ടിക്കാര്‍ കൊണ്ടു വന്നാലും നമ്മള്‍ സ്വീകരിക്കും. അന്നദാനത്തിന് കൊണ്ടു വരുന്ന സാധനം വേണ്ടെന്ന്  നമ്മുക്ക് എങ്ങനെയാണ് പറയാന്‍ സാധിക്കുക. അങ്ങനെ സഹായം വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷനേതാവിന് സാധിക്കുമോ. അന്നദാനത്തിന് വേണ്ട സഹായം തരുന്നത് കോണ്‍ഗ്രസാണോ ബിജെപിയാണോ കമ്മ്യൂണിസ്റ്റാണോ രാഷ്ട്രീയമില്ലാത്തവനാണോ എന്നൊന്നും നോക്കി സഹായം സ്വീകരിക്കാതിരിക്കാനാവില്ല. ഒരു ചാക്ക് അരി അന്നദാനത്തിന് ആരു കൊണ്ടു തന്നാലും അത് സ്വീകരിക്കും.