മലപ്പുറം: വിവാദങ്ങൾക്കൊടുവിൽ കക്കാടംപൊയിലിലെ നാച്ചുറോ പാർക്ക് തൊഴിൽവകുപ്പിന്‍റെ രജിസ്ട്രേഷനെടുത്തു. തൊഴിൽവകുപ്പിന്‍റെ അംഗീകാരമില്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പി വി അൻവർ എം എല്‍എ രജിസ്ട്രേഷനെടുത്തത്. നൂറോളം തൊഴിലാളികൾക്ക് തന്റെ പാർക്കിൽ ജോലി നൽകിയിട്ടുണ്ടെന്നാണ് പി വി അൻവർ എം എൽ എ നിയമ സഭയിൽ വീറോടെ വാദിച്ചത്. എന്നാൽ എം എൽ എ യുടെ വാദം പച്ചക്കള്ളമായിരുന്നു വെന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. 

താമരശേരി ലേബർ ഓഫീസിന്റ പരിധിയിൽ വരുന്ന സ്ഥാപനം തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയതിട്ടില്ലെന്നും പാർക്കിൽ എത്ര തൊഴിലാളികൾ ജോലി നോക്കുന്നുവെന്നറിയില്ലന്നുമായിരുന്നു തൊഴിൽ വകുപ്പിന്റെ നിലപാട്. ഇത് വ്യക്തമാക്കുന്ന വിവരാവകാശ രേഖകളും പുറത്ത് വന്നിരുന്നു. വാർത്തക്ക് പിന്നാലെ തൊഴിൽ വകുപ്പ് പാർക്കിൽ പരിശോധന നടത്തുകയും നിയമലംഘനം ബോധ്യമാവുകയും ചെയ്തു. 

പരിശോധന നടത്തിയതിന് റ അടിസ്ഥാനത്തിൽ തൊഴിലുടമ രജിസ്ട്രേഷൻ എടുത്തു വെന്ന് തൊഴിൽ വകുപ്പ് വ്യക്തമാക്കുന്ന ഏറ്റവും പുതിയ വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ പരിശോധന നടക്കും വരെ തൊഴിൽ വകുപ്പിന്നെ പറ്റിച്ചാണ് എം എൽ എ പാർക്ക് പ്രവർത്തിപ്പിച്ചിരുന്നതെന്ന് വ്യക്തമാകുന്നു. തൊഴിൽ നിയമ പ്രകാരം തൊഴിലുടമ സൂക്ഷിക്കേണ്ട രേഖകൾ ഹാജരാക്കാൻ നിർദേശവും നൽകിയിട്ടുണ്ട്. 

താമരശേരി ലേബർ ഓഫീസിൽ നിന്ന് ഒടുവിൽ ലഭ്യമായ വിവരം അനുസരിച്ച് പാർക്കിൽ 24 തൊ ഴിലാ ളി കളുണ്ടെന്നാണ് എം എൽ എ അറിയിച്ചിരിക്കുന്നത്. ഈ മാസംആദ്യ വാരമാണ് രജിസ്ട്രേഷൻ നടന്നിരിക്കുന്നത് അതായത് പാർക്ക് പ്രവർത്തനം തുടങ്ങി 2 വർഷത്തോളമാകുമ്പോൾ. നിയമം ലംഘിച്ച ശേഷം പരാതികൾ ഉയർന്നാൽ മാത്രം അത് ക്രമപ്പെടുത്തുന്ന സ്ഥിരം രീതി ഇവിടെയും പി.വി അൻവർ എ0 എൽ എ തുടർന്നുവെന്ന് സാരം. നിയമനിർമ്മാണ സഭയെ തന്നെ എം എൽ എ തെറ്റിദ്ധരിപ്പിച്ചുവെന്നത് പക്ഷേ ഗുരുതരമായ വിഷയമാണ്.