കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ഡിജിപിയുടെ ശുപാര്‍ശയിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

എസ്‌പി ഉണ്ണി രാജയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കലാഭവന്‍മാണിയുടെ ദുരൂഹ മരണം അന്വേഷിക്കുന്നത്. രണ്ടുമാസം കഴിഞ്ഞിട്ടും ഒരു അന്തിമനിഗമനത്തില്‍ എത്തിച്ചേരാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര ഫോറന്‍സിക് ലാബിലെ ആന്തരികവയവ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ മീഥേന്‍ ആള്‍ക്കഹോളിന്റ അംശം കണ്ടെത്തിയിരുന്നു. മീഥേന്‍ ആള്‍ക്കഹോളിനൊടൊപ്പം കീടനാശിയുടെ അംശംവും കാക്കനാട് ഫൊറന്‍സിക് ലാബിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കേന്ദ്രലാബിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ സംഘവുമായുള്ള ചര്‍ച്ചയ്‍ക്കുശേഷം ഒരു നിഗമനത്തിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു അന്വേഷണ സംഘം. ഇതിനിടെ മണിയുടേത് കൊലപാതകമാണെന്നും സ്വാഭാവമരണമായി ചിത്രീകരിക്കാനുള്ള നീക്കം അന്വേഷണസംഘം നടത്തുന്നുവെന്ന ആരോപണവുമായി മണിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി സമീപിച്ചു. മുഖ്യമന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സിബിഐക്ക് അന്വേഷണം കൈമാറാമെന്ന് ഡിജിപി ശുപാര്‍ശ നല്‍കി. ദുരൂഹതകള്‍ നീക്കാന്‍ സിബിഐ അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ ചര്‍ച്ചയ്‍ക്കുശേഷം മുഖ്യമന്ത്രിയാണ് തീരുമാനമെടുത്തത്. സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് മണിയുടെ കുംടബം പ്രതികരിച്ചു.

കൊച്ചി സ്വകാര്യ ആശുപത്രിയില്‍ വച്ച് മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിക്കുന്നത്. ചാലക്കുടിലെ വീടിനടുത്തുള്ള പാടി എന്ന ഗസ്റ്റ് ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മീഥേന്‍ ആല്‍ക്കഹോള്‍ ശരീരത്തിലെത്തിയിട്ടുണ്ടെന്നായി മണിയെ ചികിതത്സിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ആദ്യ റിപ്പോര്‍ട്ട്. മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത നിരവധിപ്പേരെ ചോദ്യം ചെയ്തിരുന്നു. സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരിന് നല്‍കും.