' ഒരിക്കലും വിശ്രമിക്കാത്ത മനുഷ്യന് ഇവിടെ വിശ്രമം ' എന്ന കലൈഞ്ജരുടെ വാക്കുകള്‍ തന്നെ എഴുതിയ ശവമഞ്ചവുമായാണ് ജനങ്ങള്‍ അദ്ദേഹത്തെ മറീനാ ബീച്ചിലേക്ക് യാത്രയാക്കിയത്. ദേശീയബഹുമതികളോടെയാണ് മുത്തുവേല്‍ കരുണാനിധിയെന്ന കലൈഞ്ജരുടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. സ്റ്റാലിനും അഴഗിരിയും കനിമൊഴിയുമടക്കം അടുത്ത ബന്ധുമിത്രാതികള്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.  

ഉയിരും ഉടലും സ്വന്തം ജനതയ്ക്ക് നല്‍കിയ മുത്തുവേല്‍ കരുണാനിധിക്ക് യാത്രാമൊഴി. മുപ്പത് വര്‍ഷമായി കലൈഞ്ജര്‍ മനസില്‍ കൊണ്ടു നടന്ന ആഗ്രഹത്തിന് യോജ്യമായ രീതിയില്‍ ചെന്നൈ മറീന ബീച്ചില്‍ അണ്ണാ സമാധിക്ക് സമീപത്തായി തന്നെ അദ്ദേഹത്തിന്‍റെ ഭൗതീക ശരീരം അടക്കം ചെയ്തു. ' ഒരിക്കലും വിശ്രമിക്കാത്ത മനുഷ്യന് ഇവിടെ വിശ്രമം ' എന്ന കലൈഞ്ജരുടെ വാക്കുകള്‍ തന്നെ എഴുതിയ ശവമഞ്ചവുമായാണ് ജനങ്ങള്‍ അദ്ദേഹത്തെ മറീനാ ബീച്ചിലേക്ക് യാത്രയാക്കിയത്. വികാരനിര്‍ഭരമായ യാത്രയയപ്പാണ് തമിഴ്ജനത കലൈഞ്ജര്‍ക്ക് നല്‍കിയത്. 

ദേശീയബഹുമതികളോടെയാണ് മുത്തുവേല്‍ കരുണാനിധിയെന്ന കലൈഞ്ജരുടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. സ്റ്റാലിനും അഴഗിരിയും കനിമൊഴിയുമടക്കം അടുത്ത ബന്ധുമിത്രാതികള്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. 

പ്രധാനമന്ത്രി അടക്കം രാജ്യത്തെ നിരവധി പ്രമുഖർ ചെന്നൈ രാജാജി ഹാളിലെത്തി രാവിലെതന്നെ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ചെന്നൈ രാജാജി ഹാളില്‍ നിന്നും മറീനാ ബിച്ചിലേക്കുള്ള വലാപനിര്‍ഭരമായ അന്തിമയാത്രയാണ് തമിഴ്മക്കള്‍ തങ്ങളുടെ പ്രീയപ്പെട്ട നേതാവിന് നല്‍കിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് വൻ ജനാവലിയാണ് എത്തിയിരുന്നത്. ചെന്നൈ രാജാജി ഹാളിൽ പൊലീസിന്റെ നിയന്ത്രണം മറികടന്ന് ജനങ്ങൾ ഹാളിലേക്ക് ഇടിച്ചു കയറുന്ന സാഹചര്യംവരെയുണ്ടായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന് പൊലീസിന് ലാത്തി പ്രയോഗിക്കേണ്ടി വന്നു.

കരുണാനിധിയുടെ വിയോഗം അറിഞ്ഞതുമുതല്‍ ജനപ്രവാഹമാണ് ചെന്നൈയിലേക്കുള്ളത്. തങ്ങളുടെ പ്രിയപ്പെട്ട കലൈഞ്ജറെ അവസാനമായി ഒരു നോക്ക് കാണാൻ ജനങ്ങള്‍ കാത്ത് നിന്നത് മണിക്കൂറുകളാണ്. പുലർച്ചെ അഞ്ചരയോടെ കരുണാനിധിയുടെ ഭൗതികശരീരം രാജാജി ഹാളിലേക്കെത്തിക്കുമ്പോഴേക്കും അവിടം ജനസമുദ്രമായിരുന്നു. വികാരനിർഭരമായിരുന്നു രാജാജി ഹാളിലെ കാഴ്ചകള്‍. അവിടെ നിന്ന് മറീനാ ബിച്ചിലേക്കുള്ള യാത്രയ്ക്കിടയില്‍ ഉടനീളം ജനങ്ങള്‍ തങ്ങളുടെ പ്രീയനേതാവിന്‍റെ വേര്‍പാടില്‍ ഏറെ ദുഖിതരായിരുന്നു. മൃതദേഹം മറീനാ ബിച്ചിലേക്ക് കൊണ്ടുപോകവേ റോഡിനിരുവശവും ജനങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുകയായിരുന്നു. 

മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ടിടിവി ദിനകരൻ തുടങ്ങിയവർ അതി രാവിലെ തന്നെ കരുണാനിധിക്ക് അന്ത്യോപചാരം അർപ്പിച്ചു. രാജാജി ഹാളിന് പുറത്ത് എടപ്പാടിക്കെതിരെ ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രാവിലെ എട്ടരയോടെ രാജാജി ഹാളിലെത്തി. 11 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കരുണാനിധിക്ക് അന്തിമോപചാരം അർപ്പിച്ചു. രജനീകാന്ത്, കമല്‍ഹാസൻ, പ്രഭു, സൂര്യ തുടങ്ങിയവരെല്ലാം രാവിലെ തന്നെ രാജാജി ഹാളിലെത്തിയിരുന്നു. മറീന ബീച്ചില്‍ അണ്ണാദുരൈയുടെ സമാധിക്കരികില്‍ തന്നെ തങ്ങളുടെ പ്രിയനേതാവിന് അന്ത്യവിശ്രമം ഒരുക്കാൻ സാധിച്ചതിന്‍റെ ആശ്വാസത്തിലാണ് ഡിഎംകെ പ്രവർത്തകർ.

ഇതിനിടെ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ അണികളുടെ തിരക്ക് നിയന്ത്രണാതീതമായതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. 30 - ലധികം പേർക്ക് പരിക്കേറ്റു. സംസ്കാരച്ചടങ്ങുകള്‍ നടക്കാനിരിക്കെ രാജാജി ഹാളില്‍ നിന്ന് പൊലീസുകാര്‍ മറീന ബീച്ചില്‍ സുരക്ഷാ ചുമതലയിലേക്ക് മാറിയതോടെ ജനക്കൂട്ടം ബാരിക്കേഡുകള്‍ മറികടന്ന് രാജാജി ഹാളിലേക്ക് തള്ളിക്കയറുകയായിരുന്നു. പൊലീസ് ലാത്തി വീശിയതോടെ ആളുകള്‍ ചിതറിയോടി. സംസ്കാര ചടങ്ങുകള്‍ നടക്കുന്ന മറീനാ ബീച്ചിലെ സ്ഥിതിയും വ്യത്യസ്തമല്ലായിരുന്നു. തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ഏറെ പാടുപെട്ടു. പലപ്പോഴും സ്റ്റാലിന്‍ പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടുന്നുണ്ടായിരുന്നു.