പ്രതി തന്നെയാണ് കൊലപാതകവിവരം  പൊലീസിനെ വിളിച്ചറിയിച്ചത്.

ആലപ്പുഴ : കഴിഞ്ഞ ദിവസം കലവൂരിൽ പുലര്‍ച്ചെ നടന്ന കൊലപാതകത്തില്‍ അറസ്റ്റ്ചെയ്ത പ്രതിയുടെ മൊഴിമാറ്റം പൊലീസിനെ കുഴയ്ക്കുന്നു. ഇന്ന് പുലര്‍ച്ചെ 1.30 ന് കലവൂരിനടുത്ത് മണ്ണഞ്ചേരി ആര്യാട് നോര്‍ത്ത് കോളനിയില്‍വച്ച് മാരാരിക്കുളം തെക്ക് കോര്‍ത്തിശേരിയില്‍ ഗോപാലസദനത്തില്‍ മധുവിന്റെ മകന്‍ സുജിത്(25) ആണ് മരിച്ചത്. കൊല്ലപ്പെട്ട സുജിത്തിന്റെ ബന്ധുവായ മണ്ണഞ്ചേരി ആര്യാട് നോര്‍ത്ത് കോളനിയിലെ താമസക്കാരന്‍ സുജിത്(35) ആണ് പ്രതി. 

സംഭവസ്ഥലത്ത് നിന്ന് അന്ന്തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി തന്നെയാണ് കൊലപാതകവിവരം പൊലീസിനെ വിളിച്ചറിയിച്ചത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ സുജിത് മൊഴി മാറ്റി പറയുകയാണ്. ആദ്യം മോഷണശ്രമത്തിനിടയില്‍ മല്‍പ്പിടുത്തവും ആയുധപ്രയോഗവും നടത്തിയതായാണ് പ്രതി പറഞ്ഞത്. എന്നാല്‍ മിനിട്ടുകള്‍ കഴിയും മുന്‍പ്പുതന്നെ കിടപ്പറയില്‍ ഒളിഞ്ഞുനോക്കിയതായി പ്രതി മൊഴിമാറ്റി. 

സുജിത്ത് (35)

വൈകുന്നേരം 5 മണിയോടെ സുജിത്തിനെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് കൊണ്ടുവന്നിരുന്നു. ഇതിന് ശേഷം സ്റ്റേഷനിലെത്തിച്ച പ്രതി വീണ്ടും മൊഴിമാറ്റി. മോഷണശ്രമത്തിനിടയിലാണ് സംഭവമെന്ന് പ്രതി ആവര്‍ത്തിച്ചു. സംഭവസ്ഥലത്തിന് മൂന്ന് കിലോമീറ്ററിനപ്പുറമാണ് കൊല്ലപ്പെട്ട സുജിത്തിന്റെ താമസം. പുലര്‍ച്ചെ ഒരു മണിയോടെ നല്ല വെളിച്ചമുള്ള ടോര്‍ച്ചുമായി ഇയാള്‍ എന്തിനാണ് ഇവിടെ എത്തിയതെന്നത് ദൂരൂഹത വര്‍ദ്ധിപ്പിക്കുന്നു. 

ആരെങ്കിലും സുജിത്തിനെ വിളിച്ചുവരുത്തിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ട സുജിത്തും പ്രതിയായ സുജിത്തും തമ്മില്‍ രഹസ്യമായ ഇടപാടുകള്‍ നടത്തിവന്നിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പ്രതി കൃത്യം നടത്താന്‍ ഉപയോഗിച്ച വെട്ടുകത്തി സംഭവസ്ഥലത്തിന് മൂന്നിലുള്ള കുറ്റിക്കാട്ടില്‍ നിന്നും കിട്ടി. സംഭവസ്ഥലത്ത് നിന്നും മറ്റൊരു കത്തിയും ലഭിച്ചിട്ടുണ്ട്. 

ഇത് ആരുടെതെന്നും പൊലീസ് പരിശോധിച്ചുവരുന്നു. പ്രതിയുടെ ഭാര്യ ഏഴുമാസം ഗര്‍ഭിണിയാണ്. ഇവരെ പൊലീസ് ചോദ്യം ചെയ്യാന്‍ രാവിലെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ രാത്രിയിലും ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതില്‍ കെ.പി.എം.എസ് പ്രതിഷേധിച്ചു. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വഡും പരിശോധന നടത്തി. മാരാരിക്കുളം സി.ഐ നവാസിനാണ് അന്വേഷണച്ചുമതല.