Asianet News MalayalamAsianet News Malayalam

കല്യാൺ ജ്വല്ലറിയുടെ സ്വർണാഭരണങ്ങൾ കൊണ്ടുപോയ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍

സ്വർണവുമായി പോയ വാഹനം റോഡരികിൽ ഉപേക്ഷിച്ചത് അന്വേഷണത്തെ വഴിതെറ്റിക്കാനെന്നാണ് പൊലീസ് നിഗമനം. ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ നിന്ന് വിരലടയാളം ശേഖരിച്ചിട്ടുണ്ട്. പ്രതികൾ തമിഴ്നാട് വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്

kalyan jewellers vehicle found
Author
Chennai, First Published Jan 8, 2019, 10:23 PM IST

ചെന്നൈ: കല്യാൺ ജ്വല്ലറിയുടെ സ്വർണാഭരണങ്ങൾ കൊണ്ടുപോയ വാഹനം കോയമ്പത്തൂരിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ജ്വല്ലറിയുടെ തന്നെ വാഹനമാണ് ആഭരണങ്ങളുൾപ്പെടെ ഇന്നലെ തട്ടിയെടുത്തത്. ഇന്ന് പുലർച്ചെയാണ് ദേശീയ പാതക്ക് സമീപം വാഹനം ഉപേക്ഷിക്കപ്പെട്ട രീതിയിൽ കണ്ടെത്തിയത്.

ഒരുകോടിരൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തിങ്കളാഴ്ചയാണ് വാളയാറിന് സമീപം ചാവടിയിൽ വച്ച് തട്ടിയെടുത്തത്. തുടർന്ന് തമിഴ്നാട് പൊലീസ് ദേശീയപാതയിലുടനീളം തെരച്ചിൽ നടത്തിയിട്ടും വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സംഭവം നടന്നതിന് സമീപമുളള പെട്രോൾ ബങ്കിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് കവർച്ചക്കാരെ കുറിച്ചുളള ഏകദേശ വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്.
 വാഹനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ റോഡിൽ തളളിയിട്ടാണ് കവർച്ചക്കാർ വാഹനം കൊണ്ടുപോയത്. ഈ ജീവനക്കാരുടെ സഹായത്തോടെയാണ് ചാവടി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ആറംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്നും ഇവരെ കണ്ടാലറിയാമെന്നും ജ്വല്ലറി ജീവനക്കാർ മൊഴി നൽകി. ഇവരുടെരേഖാ ചിത്രം തയ്യാറാക്കി ആളെ തിരിച്ചറിയാനുളള ശ്രമത്തിലാണ് പൊലീസ്.

സ്വർണവുമായി പോയ വാഹനം റോഡരികിൽ ഉപേക്ഷിച്ചത് അന്വേഷണത്തെ വഴിതെറ്റിക്കാനെന്നാണ് പൊലീസ് നിഗമനം. ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ നിന്ന് വിരലടയാളം ശേഖരിച്ചിട്ടുണ്ട്. പ്രതികൾ തമിഴ്നാട് വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ദേശീയ പാത കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘം വാളയാർ പ്രദേശത്ത് സജീവമായിരുന്നു. അഞ്ചംഗ സംഘത്തെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തെങ്കിലും ഇതിന് സമാനമായ കവർച്ചക്കാരുണ്ടെന്ന് പൊലീസ് പറയുന്നു.

Follow Us:
Download App:
  • android
  • ios