നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എം എൻ എം പാർട്ടി മത്സരിക്കുമെന്നും ഇതിനായി മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും കമൽ വ്യക്തമാക്കി. പുതുച്ചേരിയിൽ നടന്ന പാര്‍ട്ടി പരിപാടിയിലാണ് കമൽ ഇക്കാര്യം വ്യക്തമാക്കിയത്.
പുതുച്ചേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി നടനും മക്കൾ നീതി മയ്യം പാർട്ടി (എം എൻ എം) തലവനുമായ കമൽ ഹാസൻ. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എം എൻ എം പാർട്ടി മത്സരിക്കുമെന്നും ഇതിനായി മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും കമൽ വ്യക്തമാക്കി. പുതുച്ചേരിയിൽ നടന്ന പാര്‍ട്ടി പരിപാടിയിലാണ് കമൽ ഇക്കാര്യം വ്യക്തമാക്കിയത്.
പുതുച്ചേരിയിലെ ഡിഎംകെ നേതാവ് സുബ്രഹ്മണ്യം എം എൻ എമ്മില്‍ ചേർന്നിരുന്നു. അദ്ദേഹമായിരിക്കും പുതുച്ചേരി മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ മുന്നോട്ട് നയിക്കുകയെന്നും കമൽ വ്യക്തമാക്കി. എന്നാല്‍ എതൊക്കെ പാര്‍ട്ടികളുമായാകും സഖ്യം ഉണ്ടാക്കുകയെന്ന് കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. 2019 ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആരുമായി സഖ്യം ചേര്‍ന്ന് മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ താരം നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതേസമയം പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ കമൽ സ്വാഗതം ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഈയിടെ പ്രഖ്യാപിച്ച ദരിദ്രർക്ക് മിനിമം വരുമാനം എന്ന പദ്ധതിയെ പ്രശംസിച്ചു കമൽ സംസാരിച്ചു. ദരിദ്രർക്ക് അടിസ്ഥാനമായ കുറഞ്ഞ വരുമാനം എന്ന പദ്ധതി മഹത്തായതും വളരെ മൂല്യമുള്ളതുമായ സ്വപ്നമാണ്. അത് നടപ്പിലാക്കാൻ പ്രയാസമാണ്. എന്നാൽ അദ്ദേഹത്തിന്റെ പദ്ധതി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമൽ കൂട്ടിച്ചേർത്തു.
2019 ലോക് സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കണമെങ്കില്‍ അവര്‍ ഡിഎംകെയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്നും സഖ്യം അവസാനിപ്പിക്കണമെന്നുമുള്ള നിബന്ധന കമലഹാസന്‍ മുന്നോട്ട് വെച്ചിരുന്നു. തന്‍റെ പാര്‍ട്ടിയുമായുള്ള സഖ്യം കൊണ്ട് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഗുണമുണ്ടാകണമെന്ന കാര്യം മാത്രമേ കോണ്‍ഗ്രസിനോട് പറയാനുള്ളൂ. അഴിമതി അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് മക്കള്‍ നീതി മയ്യത്തിനുള്ളത്.
അഴിമതിയില്‍ മുങ്ങുന്ന പാര്‍ട്ടികളോട് യോജിക്കാന്‍ ഒരുതരത്തിലും സാധിക്കില്ല. അഴിമതി നിറഞ്ഞ പാര്‍ട്ടികളാണ് ഡിഎംകെയും എഐഡിഎംകെയും. തമിഴ്നാട്ടില്‍ നിന്ന് ഈ രണ്ട് പാര്‍ട്ടികളെയും തുരത്താനുള്ള കഠിന പ്രയ്തനം നടത്തുമെന്നും കമലഹാസന്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു. ബിജെപിയുടെ പ്രത്യയശാസ്ത്രവുമായി ഒരിക്കലും പ്രവർത്തിച്ചു പോകില്ലെന്ന് നേരത്തെതന്നെ കമൽ വ്യക്തമാക്കിയതാണ്. 2018 ഫെബ്രുവരി 21നാണ് കമൽ ഹാസൻ മക്കള്‍ നീതി മയ്യം എന്ന പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
