ലക്നൗ: വെടിവച്ച് കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ആഹ്വാനത്തോട് രൂക്ഷമായി പ്രതികരിച്ച് കമല്‍ഹാസന്‍. വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ തന്നെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ചോദ്യം ചെയ്യുന്നവരെ ദേശദ്രോഹികളെന്ന് മുദ്രകുത്തി ജയിലടക്കുകയായിരുന്നു അവര്‍ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ജയിലുകളില്‍ ഇടം ഇല്ലാതായതോടെ കൊന്നുകളയാന്‍ ആഹ്വാനം ചെയ്യുകയാണെന്നും കമല്‍ഹാസന്‍ പരിഹസിച്ചു.

ഹിന്ദു തീവ്രവാദം യാഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കമല്‍ഹാസനെ വെടിവച്ച് കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് അശോക് ശര്‍മ ആഹ്വാനം ചെയ്തത്. കമല്‍ഹാസന്റെ ആരോപണങ്ങള്‍ ഹിന്ദുത്വത്തിനെതിരാണെന്നും അശോക് ശര്‍മ ആരോപിച്ചു. കമല്‍ഹാസന്റെയും ശ്രുതി ഹാസന്റെയും ചിത്രങ്ങള്‍ ബഹിഷ്കരിക്കണമെന്നും അഖില ഭാരതീയ ഹിന്ദു മഹാസഭ പറഞ്ഞു. 

അതേസമയം കമല്‍ഹാസന് എതിരെയുള്ള പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് നിരവധി പേരാണ് നടന് പിന്തുണയുമായി എത്തിയത്. കൊലപാതക ഉന്മൂലന ആഹ്വാനവുമായി അഴിഞ്ഞാടുന്ന ഫാസിസ്റ്റ് മനസ്സുള്ള മത -വർഗീയ ശക്തികളെ നിയമപരമായി നേരിടണമെന്നും കമല്‍ഹാസന് നേരെ വധഭീഷണി മുഴക്കിയവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഹാത്മജിക്കും ഗോവിന്ദ് പൻസാരെ, ധാബോൽക്കർ, കലബുർഗി, ഗൗരി ലങ്കേഷ് എന്നീ മഹദ് ജീവിതങ്ങൾക്കും എന്ത് സംഭവിച്ചു എന്ന് ഈ രാഷ്ട്രത്തിനറിയാം. ആ ശ്രേണിയിലേക്ക് ഇനിയും പേരുകൾ കൂട്ടിച്ചേർക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.