ചെന്നൈ: സിനിമയിലെ സൂപ്പർതാരങ്ങള്‍ രാഷ്ട്രീയനേതാക്കൻമാരാകുന്നത് തമിഴ് രാഷ്ട്രീയത്തിലെ ഒരു പതിവാണ്. രജനീകാന്തിന് മുൻപെ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ച് കളം പിടിക്കാൻ ശ്രമിക്കുന്ന കമല്‍ ഹാസന് പക്ഷെ കാര്യങ്ങള്‍ എളുപ്പമാകില്ല
അണ്ണാദുരൈ, കരുണാനിധി, എം ജി ആർ, ജയലളിത, ശിവാജി ഗണേശൻ, വിജയകാന്ത്, ശരത് കുമാർ തുടങ്ങി, കമല്‍ ഹാസന് മുൻഗാമികളായിതമിഴ്സിനിമാലോകത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഒട്ടനവധിപേരുണ്ട് . ഈ പട്ടികയില്‍ ശിവാജി ഗണേശനൊഴികെ മറ്റെല്ലാവരും വെള്ളിത്തിരക്കപ്പുറം ഒരോ കാലഘട്ടത്തില്‍ തമിഴരുടെ പ്രിയ നേതാക്കൻമാരായി. ഇവരുടെ വഴിയിലൂടെ കടന്നുവരാൻ ശ്രമിക്കുകയാണ് കമല്‍ഹാസനും.
എം ജി ആർ ചെയ്തതുപോലെ ഫാൻസ് അസോസിയേഷനുകളെ പാർട്ടിഘടകങ്ങളാക്കി നിലമുറപ്പിക്കാനാണ് കമലിന്‍റെയും ശ്രമം..വിജയകാന്ത് ഒഴികെ മറ്റെല്ലാവരും ഏറെക്കാലം പാർട്ടിയില്‍ പ്രവർത്തിച്ച ശേഷമാണ് നേതൃനിരയിലേക്ക് എത്തുകയോ സ്വന്തം പാർട്ടി രൂപീകരിക്കുകയോ ചെയ്തിട്ടുള്ളത്. വിജയകാന്താകട്ടെ പല പ്രമുഖ രാഷ്ട്രീയനേതാക്കളെ ഒപ്പം കൂട്ടിയാണ് ഡിഎംഡികെ രൂപീകരിച്ചത്.
ആരാധകവൃന്ദമൊഴികെ കമല്‍ഹാസന്‍റെ കൂടെ മറ്റാരുമില്ല. കമലിന്‍റെ നിലപാടുകളിലും അവ്യക്തതകളേറെയാണ്. കേരളത്തിലെ സിപിഎമ്മിനോടും ദില്ലിയിലെ ആം ആദ്മിയോടും പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിനോടുമൊക്കെ അടുപ്പം സൂക്ഷിക്കുന്ന കമല്‍ പക്ഷെ കേന്ദ്രത്തിലെ ബിജെപി സർക്കാറിനോടുള്ള സമീപനത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.
കാവി രാഷ്ട്രീയത്തിനെതിര് എന്ന് പറയുമ്പോഴും കേന്ദ്രസർക്കാറിന്‍റെ പല നയങ്ങളേയും കമല്‍ പ്രശംസിച്ചു. തമിഴ്നാട്ടിലേക്ക് വന്നാല്‍ എഐ ഡിഎംകെക്ക് എതിരെ മാത്രമാണ് കമല്‍ഹാസൻ ഇതുവരെ തുറന്നടിച്ചിട്ടുള്ളത്. താൻ ദ്രാവിഡരാഷ്ട്രീയമാണ് പിന്തുടരാൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ കമല്‍ ഡിഎംകെ അധ്യക്ഷൻ കരുണാനിധിയെ നേരിട്ടുകാണുകയും ചെയ്തു. തന്‍റെ നയങ്ങളോട് യോജിക്കാവുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന കമല്‍ഹാസന്‍റെ പ്രസ്താവന ഡിഎംകെക്ക് അനുകൂലമാണെന്നും വിലയിരുത്തുന്നവരുണ്ട്. കാവി രാഷ്ട്രീയമല്ലെങ്കില്‍ സഹകരിക്കാൻ തയ്യാറാണെന്ന കമലിന്‍റെ പ്രസ്താവനയോട് പക്ഷെ രണ്ടുപേർക്കും രണ്ടുവഴിയെന്നായിരുന്നു രജനീകാന്തിന്‍റെ പ്രതികരണം.
രാഷ്ട്രീയത്തിലേക്ക് കടക്കുന്ന സിനിമാതാരങ്ങള്‍ ഓരോ കാലത്തും പൂവിടുന്ന സുഗന്ധമില്ലാത്ത കടലാസുപൂക്കളാണെന്ന സ്റ്റാലിന്ന്‍റെ പ്രസ്താവനക്ക് അർത്ഥതലങ്ങളേറെയുണ്ട്. താൻ പൂവല്ല, വിതച്ചാല്‍ വളരുന്ന വിത്താണെന്ന് പ്രതികരിച്ച കമലിന് പക്ഷെ അത് തെളിയിക്കാൻ സാധിക്കേണ്ടതുണ്ട്. പുതുരാഷ്ട്രീയശൈലി അവകാശപ്പെട്ട് രംഗത്തിറങ്ങുന്ന വെള്ളിത്തിരയിലെ സകലകലാവല്ലഭന് മുൻപില്‍ വെല്ലുവിളികളേറെയുണ്ട് എന്നതു തന്നെയാണ് ചുരുക്കം.
