ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ ക്രൂരമായി ബലാത്സംഗം ചെയ്‌തു കൊന്ന തമിഴ് ദളിത് യുവതിക്കുവേണ്ടി സോഷ്യല്‍മീഡിയയില്‍ ഹാഷ് ടാഗ് ക്യാംപയ്ന്‍ വ്യാപകമാകുന്നു. ജസ്റ്റിസ് ഫോര്‍ നന്ദിനി എന്ന ക്യാംപ്‌യ്നിന്റെ ഭാഗമായി തമിഴ് നടന്‍ കമല്‍ഹാസനും ട്വിറ്ററില്‍ കുറിപ്പെഴുതി. നന്ദിനിയുടെ കൊലപാതകത്തില്‍ സംഘപരിവാറിനെ വിമര്‍ശിച്ചുകൊണ്ടാണ് കമലിന്റെ ട്വീറ്റ്. പ്രശ്‌നത്തില്‍ ഇടപെടാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുകയും ചെയ്‌തു.
ഇക്കഴിഞ്ഞ മാസമാണ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് അഴുകിയ നിലയില്‍ നന്ദിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഹിന്ദുമുന്നണി പ്രാദേശികനേതാവ് മണികണ്‌ഠനും സുഹൃത്തുക്കളായ തിരുമുരുഗന്‍, മണിവന്നന്‍, വെറ്റിവേലന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗര്‍ഭിണിയായ നന്ദിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. നന്ദിനിയുടെ വയര്‍ കുത്തിക്കീറി ഭ്രൂണം പുറത്തെടുത്ത് കിണറ്റിലിടുകയും ചെയ്‌തു. മണികണ്‌ഠനും നന്ദിനിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഗര്‍ഭിണിയായതോടെ, മണികണ്‌ഠന്‍ വിവാഹം കഴിക്കണമെന്ന ആവശ്യം നന്ദിനി മുന്നോട്ടുവെച്ചു. എന്നാല്‍ അത് പറ്റില്ലെന്നും ഗര്‍ഭം അലസിപ്പിക്കണമെന്നുമായിരുന്നു മണികണ്‌ഠന്റെ ആവശ്യം. ഇതേത്തുടര്‍ന്നാണ് നന്ദിനിയെ മണികണ്‌ഠനും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.
മൃതദേഹം കണ്ടെത്തി, ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. വ്യക്തമായ സൂചന ലഭിച്ചിട്ടും പൊലീസ് ഒളിച്ചുകളിക്കുകയായിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും പൊലീസ് തയ്യാറായില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമവും പൊലീസ് നടത്തി. ഇതേത്തുടര്‍ന്നാണ് #JusticeForNandhini എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ഹാഷ് ടാഗ് ക്യാംപ്യ്ന്‍ ആരംഭിച്ചത്. ചലച്ചിത്രരംഗത്തും മറ്റും സജീവമായി നില്‍ക്കുന്ന നിരവധിപ്പേരാണ് ഇതിനോടകം ക്യാംപയ്ന് പിന്തുണയുമായി എത്തിയിട്ടുള്ളത്. കമല്‍ഹാസന്‍ കൂടി രംഗത്തെത്തിയതോടെ കൂടുതല്‍ പിന്തുണ ഈ ഹാഷ് ടാഗ് ക്യാംപയ്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
