കമല്‍നാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മനോജ് തിവാരി പ്രസംഗിക്കുന്നതിന്‍റെ വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടർ അധ്യാപകനെ സസ്‌പെന്‍റ് ചെയ്തിരുന്നു. 

ഭോപ്പാൽ: തനിക്കെതിരെ മോശം പരാമര്‍ശം നടത്തി സസ്പെൻഷനിലായ അധ്യാപകനെ തിരിച്ചെടുക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ നിർദ്ദേശം. ജബല്‍പൂരിലെ കനിഷ്ഠ ബുനിയാഡി മിഡില്‍ സ്കൂളിലെ പ്രധാന അധ്യാപകനായ മുകേഷ് തിവാരിയെ തിരിച്ചെടുക്കാനാണ് അദ്ദേഹം നിർദ്ദേശം നൽകിയത്. കമല്‍നാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മനോജ് തിവാരി പ്രസംഗിക്കുന്നതിന്‍റെ വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടർ അധ്യാപകനെ സസ്‌പെന്‍റ് ചെയ്തിരുന്നു. 

'ജബൽപൂരിലുള്ള ഒരു സ്കൂൾ ഹെഡ്മാസ്റ്റർ എന്നെ കൊള്ളക്കാരനെന്ന് വിളിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ അദ്ദേഹത്തെ പിരിച്ചുവിട്ടതായി അറിഞ്ഞു. എന്നാൽ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ആർക്കും അവരുടെ അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് ജില്ലാ കളക്ടറുടെ നടപടി തെറ്റാണ്. ഞാൻ അധ്യാപകനോട് മാപ്പു ചോദിക്കുന്നു'- കമല്‍നാഥ് പറഞ്ഞു.

നാളെ നല്ലൊരു സമൂഹത്തെ വാർത്തെടുക്കുന്നതിന് വേണ്ടി കുട്ടികളെ സജ്ജരാക്കുകയെന്നതാണ് ഒരു അധ്യാപകന്റെ കടമ. ഇക്കാര്യങ്ങൾ മനസ്സിൽ ഉൾക്കൊണ്ട് അദ്ദേഹം തന്‍റെ കടമ കൃത്യമായി നിര്‍വഹിക്കുമെന്നാണ് താൻ കരുതുന്നതെന്നും കമല്‍നാഥ് കൂട്ടിച്ചേർത്തു.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മുകേഷ് തിവാരി സ്‌കൂളിലെ ഒരു പരിപാടിക്കിടെ കമല്‍ നാഥിനെ കൊള്ളക്കാരനെന്ന് അഭിസംബോധന ചെയ്തു സംസാരിച്ചത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങള്‍ വഴി വൈറലായതോടെ ജില്ലാ കളക്ടര്‍ ചാവി ഭരദ്വാജ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക പരിശോധയില്‍ അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാലാണ് സസ്പെന്‍ഷന്‍ നല്‍കിയതെന്നാണ് കളക്ടറുടെ ഉത്തരവില്‍ പറയുന്നത്.

മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് കമല്‍നാഥ് നടത്തിയ പ്രസ്താവന ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ വിവാദമായിരുന്നു. സംസ്ഥാനത്ത് പുതിയ വ്യവസായങ്ങള്‍ ധാരാളമായി വരുന്നുണ്ടെങ്കിലും അവിടെ തൊഴിലെടുക്കുന്നതെല്ലാം ബീഹാറിലേയും ഉത്തര്‍പ്രദേശിലേയും ആളുകളാണെന്നായിരുന്നു കമല്‍നാഥിന്‍റെ പ്രസ്താവന. ഇതിന് പരിഹാരമായി എല്ലാ സ്ഥാപനങ്ങളും ആകെ ജീവനക്കാരില്‍ 70 ശതമാനം പേര്‍ മധ്യപ്രദേശുകാരായിരിക്കണം എന്ന ചട്ടം നടപ്പാക്കുമെന്നും കമല്‍ നാഥ് അറിയിച്ചിരുന്നു.