കൂട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി അനീഷ് അടിമാലി, മാങ്കുളം മേഖലകളിൽ ഒളിവിൽ കഴിയുന്നതായാണ് വിവരം. മൊബൈൽ ഫോൺ ഉപേക്ഷിച്ച് കടന്നിരിക്കുന്ന അനീഷിന് തട്ടിപ്പ് സംഘത്തിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്

കമ്പകക്കാനം കൂട്ടകൊലപാതകത്തിലെ മുഖ്യപ്രതി അനീഷിനും കൊല്ലപ്പെട്ട കൃഷ്ണനും സീരിയൽ നടി ഉൾപ്പെട്ട കള്ളനോട്ട് കേസിലെ പ്രതികളുമായി ബന്ധമെന്ന് പൊലീസ്. ഒളിവിൽ കഴിയുന്ന അനീഷിന് സഹായം നൽകുന്നത് ഈ സംഘമാണോ എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായ കൂട്ടുപ്രതി ലിബീഷിനെ കോടതി റിമാൻഡ് ചെയ്തു.

കമ്പകക്കാനം കൂട്ടക്കൊലപാതകത്തിലെ ദുരൂഹതകൾ അവസാനിക്കുന്നില്ല. കൊല്ലപ്പെട്ട കൃഷ്ണനും മുഖ്യപ്രതി അനീഷും റൈസ് പുള്ളർ തട്ടിപ്പ് സംഘത്തിലെ കണ്ണികളായിരുന്നു. ഇടുക്കി കള്ളനോട്ട് കേസിൽ അറസ്റ്റിലായ രവീന്ദ്രനായിരുന്നു റൈസ് പുള്ളർ തട്ടിപ്പിലെ കേരളത്തിലെ പ്രധാനി. രവീന്ദ്രനുമായി കൃഷ്ണനും അനീഷും ബന്ധപ്പെട്ടിരുന്നതായാണ് സൂചന. തട്ടിപ്പ് സംഘം വ്യാപകമായി കള്ളനോട്ട് ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

കൂട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി അനീഷ് അടിമാലി, മാങ്കുളം മേഖലകളിൽ ഒളിവിൽ കഴിയുന്നതായാണ് വിവരം. മൊബൈൽ ഫോൺ ഉപേക്ഷിച്ച് കടന്നിരിക്കുന്ന അനീഷിന് തട്ടിപ്പ് സംഘത്തിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

തമിഴ്നാട്ടിലെ തേനിയാണ് റൈസ് പുള്ളർ തട്ടിപ്പിന്‍റെ കേന്ദ്രം. വനമേഖലയിലൂടെ അനീഷ് തമിഴ്നാട്ടിലേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതലുകളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

കള്ളനോട്ട് കേസിൽ അറസ്റ്റിലായി പീരുമേട് സബ്ജയിലിൽ കഴിയുന്ന രവീന്ദ്രനെ ചോദ്യം ചെയ്താൻ റൈസ് പുള്ളർ തട്ടിപ്പ് സംഘത്തെ കുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കള്ളനോട്ട് കേസിൽ രവീന്ദ്രനൊപ്പം അറസ്റ്റിലായ സീരിയൽ നടിയും കുടുംബവും വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.