ഇടുക്കി കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഷിബുവിന്‍റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കോടികള്‍ ഉടനെ കയ്യില്‍ വരുമെന്ന് ഷിബു പറയുന്ന ശബ്ദരേഖയാണ് പുറത്തായത്. സുഹൃത്തുമായുള്ള ഷിബുവിന്‍റെ സംഭാഷണമാണ് ഇത്. ബിസിനസ് ചീഫിന് കൊടുക്കാന്‍ പണം കടം തരണമെന്ന് ഷിബു പറയുന്നു.

ഇടുക്കി: ഇടുക്കി കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ
കസ്റ്റഡിയിലെടുത്ത ഷിബുവിന്‍റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കോടികള്‍ ഉടനെ കയ്യില്‍ വരുമെന്ന് ഷിബു പറയുന്ന ശബ്ദരേഖയാണ് പുറത്തായത്. സുഹൃത്തുമായുള്ള ഷിബുവിന്‍റെ സംഭാഷണമാണ് ഇത്.

ബിസിനസ് ചീഫിന് കൊടുക്കാന്‍ പണം കടം തരണമെന്ന് ഷിബു പറയുന്നു. ഷിബുവിന് തൊടുപുഴയില്‍ സാമ്പത്തിക ഇടപാടുണ്ടെന്നും കൊല്ലപ്പെട്ട ജോത്സ്യനുമായി ഷിബുവിന് അടുത്ത ബന്ധമെന്നും പൊലീസ് പറയുന്നു. സംഭാഷണത്തിലെ സാമ്പത്തിക ഇടപാട് സംശയാസ്പദമാണ്. നിധിയുടെ പേരില്‍‌ ചിലര്‍ കൃഷ്ണന്‍റെ വീട്ടിലെത്തിയിരുന്നതായി പൊലീസ് സംശയിക്കുന്നു.

തിരുവനന്തപുരം നിന്ന് മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. പാങ്ങോട് സ്വദേശി ഷിബു, മുസ്ലീം ലീ​ഗിന്റെ ഒരു പ്രാദേശിക നേതാവും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനുമാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, കൊലപാതകം നടന്ന വീട്ടിൽ നിന്ന് അപരിചിതരായ നാല് പേരുടെ വിരലടയാളം കണ്ടെത്തി. വിരലടയാളങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുടേത് അല്ലാത്ത ഈ നാല് വിരലടയാളങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസിപ്പോൾ. 

മന്ത്രവാദമടക്കമുള്ള ആഭിചാരക്രിയകൾ ചെയ്തിരുന്ന കൃഷ്ണനുമായി ഇടപെട്ടിരുന്നവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഇപ്പോൾ പുരോ​ഗമിക്കുന്നത്. നിധി കണ്ടെത്തി തരാം എന്ന് കൃഷ്ണൻ തമിഴ്നാട് സ്വദേശികളായ ചിലർക്ക് വാ​ഗ്ദാനം നൽകിയിരുന്നതായും ഇവർ കൊലപാതകത്തിന് മുൻപുള്ള ദിവസങ്ങളിൽ കൃഷ്ണന്റെ വീട്ടിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കമ്പകക്കാനത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം. നാല് പേരുടെയും മരണത്തിന് കാരണം തലയില്‍ ചുറ്റിക കൊണ്ടുളള അടിയാണെന്നാണ് പ്രാഥമിക വിവരം. അതിനാല്‍ സമീപകാലത്ത് തമിഴ്നാട്ടില്‍ ഇത്തരത്തിലുളള കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.