കൊല്ലം: ചൈനയെ കുറിച്ച് പറയുന്നത് തെറ്റാണ് എന്നാണ് ചിലരുടെ വിമർശനം എന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. ചൈനയുടെ സമ്പത്ത് ഘടന എങ്ങനെ വേണം എന്നത് അവരുടെ സ്വാതന്ത്ര്യമാണ്. ലോക കമ്പോളത്തിലെ ഏറ്റവും പ്രധാന ശക്തിയാണ് ചൈന. ചൂഷണ രഹിത സമൂഹം കെട്ടിപ്പടുക്കാൻ ചൈന അവരുടേതായ തരത്തിൽ ശ്രമിക്കുന്നു എന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. 

വടക്കന്‍ കൊറിയ സോഷ്യലിസ്റ്റ് രാജ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാമ്രാജ്യത്വത്തിനെതിരായ അവരുടെ പോരാട്ടത്തോട യോജിക്കുന്നു. എന്നാൽ അവിടെയുള്ള ഏകാധിപത്യ പ്രവണത സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിമർശനമുണ്ട് എന്നും കാനം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചൈനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാനവും ചൈനയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. ചൈനയെ തകർക്കാൻ ശ്രമം നടക്കുന്നതായി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അമേരിക്കക്കെതിരായ ശക്തിയായി ചൈന ഉയരുന്നുണ്ട്. ഇതിനെ തകർക്കാനാണ് നിലവില്‍ ശ്രമം നടക്കുന്നത്. 

അമേരിക്കക്കെതിരെ രാഷ്ട്രങ്ങളുടെ പ്രതിരോധം ഉയർന്നു വരുന്നുണ്ട്. ചൈനക്ക് എതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങളിൽ ഇന്ത്യ അമേരിക്കയ്ക്ക് അനുകൂലമായ തീരുമാനമാണ് എടുക്കുന്നത്. ചേരിചേരാ നയം അട്ടിമറിച്ചു. അമേരിക്കയുടെ തന്ത്രപരമായ സഖ്യകക്ഷിയായി ഇന്ത്യ മാറി. വിദേശ നയം അമേരിക്കക്ക് അനുകൂലവും ചൈനക്ക് എതിരും ആക്കിയെന്നും പിണറായി കുറ്റപ്പെടുത്തിയിരുന്നു.