ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരെയുളള ആരോപണങ്ങളില്‍ കളക്ടറുടെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. വാര്‍ത്ത വന്നതുകൊണ്ട് നടപടിയെടുക്കാനാവില്ല. നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കാനാകു എന്നും കാനം വിശദീകരിച്ചു. എല്‍ഡിഎഫ് മുന്നണി വിപുലീകരണത്തിന് അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നും കാനം പറഞ്ഞു.

മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. അതേസമയം മാര്‍ത്താണ്ഡം കായല്‍ കയ്യേറിയതില്‍ തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ആലപ്പുഴ സ്വദേശി ബി.കെ വിനോദ് ആണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തില്‍ നടപടി വേണമെന്നാണ് ആവശ്യം. തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്നുമാണ് ആവശ്യം. തോമസ് ചാണ്ടി കയ്യേറിയ കായല്‍ ഭൂമി തിരിച്ചുപിടിക്കണം. ഇതിനായി സര്‍ക്കാര്‍ സര്‍വ്വേ നടത്തി ഭൂമി തിരിച്ചു പിടിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.വാങ്ങിയ ഭൂമിയുടെ പട്ടയം റദ്ദാക്കണം. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുളളവരെ പ്രതി ചേര്‍ത്താണ് ഹര്‍ജി.

മാര്‍ത്താണ്ഡം കായലില്‍ മന്ത്രി തോമസ്ചാണ്ടി ചെയ്തത് ചുരുങ്ങിയത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന കണ്ടെത്തലും മന്ത്രിയുടെ തന്നെ തുറന്ന് പറച്ചിലിന്‍റെയും അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാം.

തോമസ് ചാണ്ടിയുടെ നിയമലംഘനം പുറത്തു കൊണ്ടുവന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ശരിവച്ച് ആലപ്പുഴ കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ടും വന്നിരുന്നു. ലേക്ക് പാലസ് റിസോര്‍ട്ടിനായി അനധികൃതമായി നിലംനികത്തിയെന്ന് കണ്ടെത്തിയ ഇടക്കാല റിപ്പോര്‍ട്ട് റവന്യൂമന്ത്രിക്ക് കലക്ടര്‍ കൈമാറുകയും ചെയ്തു.