കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമം എല്ലാവർക്കും ബാധകമാണെന്ന് കാനം പറഞ്ഞു. നിയമം ആര് ലംഘിച്ചാലും നടപടി ഉണ്ടാകണമെന്നാണ് സിപിഐ നിലപാട്. വെല്ലുവിളിക്കാൻ ആർക്കും ആരുടേയും ലൈസൻസ് വേണ്ടെന്നും എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ കാനം പറഞ്ഞു.
സർക്കാർ ഒരാളോട് വിശദീകരണം ആവശ്യപ്പെട്ടാൽ ചാനലിലൂടെയല്ല മറുപടി പറയേണ്ടത്. എന്നോടാണ് ഇത്തരത്തിൽ ചോദിക്കുന്നതെങ്കിൽ ചാനലിലൂടെ ആയിരിക്കില്ല മറുപടി. ഭരണഘടനാ പദവിയിൽ ഇരിക്കുന്നവരുടെ നടപടികൾ സംബന്ധിച്ചുള്ള തെറ്റുകുറ്റങ്ങൾ മാധ്യമങ്ങൾക്കും പരിശോധിക്കാവുന്നതാണ്. ഭൂമി കയ്യേറ്റങ്ങൾ സംബന്ധിച്ച് റവന്യു വകുപ്പ് ഉചിതമായ നടപടികൾ സ്വീകരിക്കും.
ഇതുവരെ ഇക്കാര്യത്തിൽ വകുപ്പ് തന്നെയാണ് നടപടി എടുത്തിട്ടുള്ളതും.ജാഥയിൽ ജാഥാ അംഗങ്ങൾ പറയുന്ന സന്ദേശങ്ങളാണ് ജനം സ്വീകരിക്കേണ്ടത് എന്നാൽ വിവാദങ്ങൾക്കാണ് മാധ്യമങ്ങൾക്ക് താല്‍പര്യമെന്നും കാനം പറഞ്ഞു.
