കോഴിക്കോട്: ബിഡിജെഎസുമായുള്ള സഹകരണ സാധ്യത തള്ളാതെ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. ബിഡിജെഎസിന് പുനര്‍വിചിന്തനമുണ്ടായാല്‍ സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. പഴയ സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകുന്നത് നല്ലതാണെന്നും കാനം മലപ്പുറത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ബിഡിജെഎസ് ഇടത് മുന്നണിയോടടുക്കുന്നുവെന്ന സൂചനകള്‍ക്കിടെെയാണ് കാനത്തിന്‍റെ പ്രതികരണം. മുഖ്യമന്ത്രിയയുമായി എസ്എന്‍ഡി പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നത്തിയതിന് പിന്നാലെയാണ് മുന്നണിയിലെ രണ്ടാം കക്ഷി നിലപാട് വ്യക്തമാക്കുന്നത്.
ബിജെപിയുമായി ബിഡിജെഎസ് ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സിപിഎ സംസ്ഥാനസെക്രട്ടറിയുടെ പ്രതികരണം. 

ബിഡിജെഎസിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഒരു പടി കൂടി കടന്നുള്ള കാനത്തിന്‍റെ പ്രതികരണം. അതേ സമയം ബിഡിജെഎസ് കടുത്ത സമ്മര്‍ദ്ദത്തിലാണ്. 

എന്ത് നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് അടുത്തയാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകും. ബിഡിജെഎസിനെ അനുനയിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ടെന്നും അറിയുന്നു.