കോഴിക്കോട് : പി വി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘന വിഷയത്തില്‍ പ്രതികരണവുമായി കാനം രാജേന്ദ്രന്‍. മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് പിവി അന്‍വര്‍ എം.എല്‍.എയുടെ കാര്യത്തിലും സിപിഐക്ക് ഉള്ളതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്‍വറായാലും ജോയ്‌സ് ജോര്‍ജ്ജായാലും മറ്റ് ജനപ്രതിനിധികളായാലും നിയമം ലംഘിച്ചാല്‍ നടപടി എടുക്കണമെന്നാണ് നിലപാടെന്നും കാനം കോഴിക്കോട് പറഞ്ഞു.
അതേസമയം പി വി അന്‍വര്‍ എംഎല്‍എയുടെ നിയമ ലംഘനങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. മലപ്പുറം ജില്ലാ ജിയോളജിസ്റ്റ്, പിഡബ്ലുഡി ബില്‍ഡിംഗ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ എന്നിവര്‍ക്കെതിരെയാണ് നിയമ നടപടിയെടുക്കുക. ഇരുവര്‍ക്കും വീഴ്ച പറ്റിയതായി കണ്ടെത്തി. തടയണ പൊളിക്കാനുള്ള എസ്റ്റിമേറ്റ് ഇരുവരും വൈകിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍.
പിവി അന്‍വര്‍ എംഎല്‍എയുടെ നിയമ ലംഘനങ്ങളില്‍ ഒത്താശ ചെയ്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമെന്ന് കളക്ടര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത്.
