കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

First Published 28, Feb 2018, 10:10 AM IST
kanchi monastry chief jayendra saraswathi passed away
Highlights
  • കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

ചെന്നെ: കാഞ്ചി കാമകോടി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു. 82 വയസ്സായിരുന്നു. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ -ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നുവെന്നാണ് മഠം അധികൃതർ നൽകുന്ന വിവരം. ശങ്കരാചാര്യർ സ്ഥാപിച്ചെന്ന് വിശ്വസിക്കുന്ന കാഞ്ചി മഠത്തിലെ അറുപത്തി ഒൻപതാമത് മഠാധിപതിയായിരുന്നു ജയേന്ദ്ര സരസ്വതി.
           
1935 ജൂലൈ 18ന് തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ ഇരുൾനീകി ഗ്രാമത്തിലാണ് ജയേന്ദ്ര സരസ്വതി ജനിച്ചത്. സുബ്രഹ്മണ്യം മഹാദേവ അയ്യർ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. 1954 ലാണ് ജയേന്ദ്രസരസ്വതി എന്ന പേരിൽ സന്യാസം സ്വീകരിച്ചത്. 1994ലാണ് ചന്ദ്രശേഖര സരസ്വതിയുടെ പിൻഗാമിയായി കാഞ്ചി മഠത്തിന്റെ പരമാധികാരിയായത്. തമിഴ്നാട്ടിലെ ബ്രാഹ്മണസമുദായത്തിന്റെ ഇടയിൽ ഉൾപ്പെടെ വലിയ സ്വാധീനമുള്ള സ്ഥാപനമാണ് കാഞ്ചി ശങ്കരമഠം.
     
എന്നാൽ 2004ൽ കൊല്ലപ്പട്ട കാഞ്ചി വരദരാജ ക്ഷേത്ര മാനേജർ ശങ്കരരാമന്റെ വധവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പേര് രാജ്യത്തിൽ വലിയ ചർച്ചയായത്. കേസിൽ ഗൂഢാലോചന ആരോപിച്ച് ജയേന്ദ്ര സരസ്വതിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത് വൻ വിവാദമായിരുന്നു. ഇതിന്റെ പേരിൽ വലിയ പ്രക്ഷോഭമാണ് തമിഴ്നാട്ടിൽ ഉണ്ടായത്. തമിഴ്നാട്ടിൽ നീതിപൂർവകമായ വിചാരണ നടക്കില്ലെന്ന ജയേന്ദ്ര സരസ്വതിയുടെ അപേക്ഷയെ തുടർന്ന് കേസ് പുതുച്ചേരി കോടതിയിലേക്ക് മാറ്റി.  

2013ലാണ് ഈ കേസിൽ നിന്ന് ജയേന്ദ്ര സരസ്വതി കുറ്റവിമുക്തനായി. 2002 ൽ നടന്ന മറ്റൊരു കൊലക്കേസിലും ജയേന്ദ്ര സരസ്വതി ആരോപണ വിധേയനായിരുന്നു. 2016ൽ ഈ കേസിൽ നിന്നും അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. ജയേന്ദ്ര സരസ്വതിയുടെ മരണത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു , കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ് , സുരേഷ് പ്രഭു എന്നിവർ അനുശോചനം രേഖപ്പെടുത്തി.

loader