വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയാകാൻ ഏറ്റവും അർഹതപ്പെട്ട സ്ഥാനാർഥി മോദിയാണ്. ജനാധിപത്യത്തിന്റെ ശരിയായ നേതാവാണ് അദ്ദേഹം. മാതാപിതാക്കള്‍ കാരണമല്ല മോദി പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ഇത് അദ്ദേഹം ഏറ്റവും കൂടുതൽ അര്‍ഹിക്കുന്ന സ്ഥാനമാണെന്നും കങ്കണ.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. വീണ്ടും പ്രധാനമന്ത്രിയാകാൻ അർഹനാണെന്ന് പറഞ്ഞാണ് താരം മോദിയെ പുകഴ്ത്തിയത്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയാകാൻ ഏറ്റവും അർഹതപ്പെട്ട സ്ഥാനാർഥി മോദിയാണെന്നും ജനാധിപത്യത്തിന്റെ ശരിയായ നേതാവാണ് മോദിയെന്നും കങ്കണ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നാല് വര്‍ഷത്തെ ഭരണത്തേയും കങ്കണ പ്രശംസിച്ചു. 'മാതാപിതാക്കള്‍ കാരണമല്ല മോദി പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ഇത് അദേഹം ഏറ്റവും കൂടുതൽ അര്‍ഹിക്കുന്ന സ്ഥാനമാണ്. കഠിനാധ്വാനം ചെയ്‌ത് നേടിയ സ്ഥാനമാണിത്' എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിയുടെ കുട്ടികാലം പറയുന്ന 'ചലോ ജീതീൻ ഹേ' എന്ന ഹ്രസ്വ ചിത്രത്തിന്റെ സ്‌ക്രീനിംഗിന് ശേഷം സംസാരിക്കുകയായിരുന്നു കങ്കണ. വളരെ മനോഹരമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുട്ടിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി കടന്നു വന്ന ജീവിത സാഹചര്യങ്ങളെ കുറിച്ച് ചിത്രം കാണിച്ചു തരുന്നു. പക്ഷെ ഇത് അദ്ദേഹത്തെ കുറിച്ചുള്ള സിനിമയല്ല, അതിലുപരിയായി നമ്മളെ കുറിച്ചുള്ള സിനിമയാണ്. സമൂഹം ഒരുമിച്ച് നില്‍ക്കേണ്ടതിനെ കുറിച്ചാണ് ചിത്രം പറയുന്നത്. അദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ചെറിയ ഭാഗം മാത്രമാണിതെന്നും കങ്കണ പറഞ്ഞു.
നേരത്തെയും ബി.ജെപിയോടുള്ള ചായ്‍വ് കങ്കണ വെളിപ്പെടുത്തിയിരുന്നു. കടുത്ത ദേശീയവാദിയാണ് താനെന്നും രാജ്യസ്‌നേഹം ഇല്ലെന്ന് തെളിഞ്ഞാല്‍ തന്റെ കാമുകനെ വരെ ഉപേക്ഷിക്കുമെന്നുമായിരുന്നു കങ്കണ അന്ന് പറഞ്ഞത്. പുതിയ പ്രസ്താവനയോടെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ സജീവമാക്കിയിരിക്കുകയാണ് താരം. എന്നാൽ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ ചെറുപ്പമാണെന്നും അതിന്റെ സമയം വരുമ്പോള്‍ നടക്കുമെന്നുമായിരുന്നു താരത്തിന്റെ മറുപടി.
