Asianet News MalayalamAsianet News Malayalam

ജെഎന്‍യു സമരനേതാവ് ഇനി സിപിഐ ദേശീയ നേതാവ്

  • കനയ്യ കുമാർ പാർട്ടിയുടെ ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
  • കോൺഗ്രസ് ബന്ധത്തിനല്ല, മറിച്ച് പാർട്ടിയെ ശക്തമാക്കാനാണ് ശ്രമിക്കേണ്ടത്
  • വർഗ്ഗീയതക്കെതിരായ കേരള മോഡൽ പ്രതിരോധം രാജ്യമാകെ വ്യാപിപ്പിക്കണം
Kanhaiya Kumar cpi

കൊല്ലത്തുനടക്കുന്ന സിപിഐ പാർട്ടി കോൺഗ്രസിൽ കനയ്യ കുമാർ പാർട്ടിയുടെ ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്‍റെ പ്രത്യേക ക്ഷണിതാവായാണ് കനയ്യ പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുത്തത്. ബിഹാറിൽ നിന്നുള്ള പ്രതിനിധിയായ കനയ്യ നിലവിൽ എഐഎസ്എഫ് ദേശീയ കൗൺസിൽ അംഗമാണ്. സിപിഐയുടെ ദേശീയ നേതൃത്വം സിപിഐയെ കൺഫ്യൂസിംഗ് പാർട്ടി ഓഫ് ഇന്ത്യ ആക്കരുതെന്ന് പാർട്ടി കോൺഗ്രസിൽ കനയ്യ നടത്തിയ വിമർശനം കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. കോൺഗ്രസ് ബന്ധത്തിനല്ല, മറിച്ച് പാർട്ടിയെ ശക്തമാക്കാനാണ് ശ്രമിക്കേണ്ടതെന്നും വർഗ്ഗീയതക്കെതിരായ കേരള മോഡൽ പ്രതിരോധം രാജ്യമാകെ വ്യാപിപ്പിക്കണമെന്നുമുള്ള കനയ്യയുടെ വിമർശനം പാർട്ടി കോൺഗ്രസിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രത്യേക പ്രതിനിധിയായി പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കനയ്യ ദേശീയ കൗൺസിലിലേക്ക് ഉയരുന്നത് തികച്ചും അപ്രതീക്ഷിതമായാണ്.

ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നടന്ന വിദ്യാർത്ഥിപ്രക്ഷോഭത്തിലൂടെയാണ് എഐഎസ്എഫ് നേതാവായിരുന്ന കനയ്യ കുമാർ ദേശീയശ്രദ്ധ നേടുന്നത്. 2016 ഫെബ്രുവരിയിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസി‍ഡന്‍റായിരിക്കെ പാർലമെന്‍റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ നടന്ന പ്രതിഷേധയോഗത്തിൽ പ്രസംഗിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. യോഗത്തിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നു എന്നായിരുന്നു കനയ്യക്കെതിരെ പരാതി നൽകിയ എബിവിപിയുടെ ആരോപണം. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് കനയ്യ കുമാറിനെ തിഹാർ ജയിലിലടച്ചു. കനയ്യക്കെതിരായ നടപടി കേന്ദ്രസർക്കാരിനെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതാണ് പിന്നീട് കണ്ടത്. ഇന്ത്യയെമ്പാടുമുള്ള കാമ്പസുകളിൽ പ്രതിഷേധസമരങ്ങൾ ഉണ്ടായി. വിദ്യാർത്ഥികളും അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും വിവിധ പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും സാഹിത്യ സാംസ്കാരിക പ്രവർത്തകരുമെല്ലാം തെരുവിലിറങ്ങിയും പ്രസ്താവനകളിലൂടെയും പ്രതിഷേധിച്ചു. അഫ്സൽ ഗുരു നിരപരാധിയാണെന്നും എന്നാൽ താൻ രാജ്യദ്രോഹമുദ്രാവാക്യങ്ങൾ വിളിച്ചിട്ടില്ലെന്നും കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കനയ്യ കോടതിയിൽ അറിയിച്ചു.

ഇതിനിടെ പട്യാല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന കനയ്യയെ സംഘപരിവാർ അനുകൂല അഭിഭാഷക സംഘടനാ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. കനയ്യക്ക് ആക്രമണത്തിൽ മൂക്കിനും ഇടതുകാലിനും പരിക്കേറ്റു. കനയ്യക്കെതിരായ ആക്രമണങ്ങൾ ആസൂത്രിതമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സുപ്രീം കോടതിയെ ആശങ്ക അറിയിച്ചു. കോടതിയിലെത്തിയ കമ്മീഷന് നേരെയും അക്രമണമുണ്ടായി. തങ്ങളുടെ ജീവനും അക്രമികൾ ഭീഷണി ഉയര്‍ത്തിയെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റർനാഷണൽ വരെ വിഷയത്തിൽ ഇടപെട്ടു. ചിക്കാഗോ, കേംബ്രിഡ്ജ് തുടങ്ങിയ വിദേശ സർവകലാശാലകളിൽ വരെ കനയ്യക്ക് അനുഭാവവും അഭിവാദ്യവും അറിയിച്ച് പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കപ്പെട്ടതോടെ ഇന്ത്യൻ ഇടതുപക്ഷ വിദ്യാർത്ഥി സമരങ്ങളുടെ അന്താരാഷ്ട്ര മുഖമായി കനയ്യ മാറുകയായിരുന്നു.

കനയ്യക്കെതിരായ തെളിവായി എബിവിപി നൽകിയ വീഡിയോ വ്യാജമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ദില്ലി സർക്കാർ നിയോഗിച്ച ഫോറൻസിക് സംഘമായിരുന്നു വീഡിയോ പരിശോധിച്ചത്. വീഡിയോയിലെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ കനയ്യയെ കുടുക്കാൻ എഡിറ്റ് ചെയ്ത് ചേർത്തതാണ് എന്ന് അന്വേഷണത്തിൽ വെളിവായി. ജയിൽ മോചിതനായ കനയ്യ കക്ഷിഭേദമന്യേ കേന്ദ്രസർക്കാരിനും സംഘപരിവാറിനും എതിരായ ഇടത് വിദ്യാർത്ഥി, യുവജന പ്രക്ഷോഭങ്ങളില്‍ സ്ഥിരം സാന്നിധ്യമായി. ഇതിനിടെ കനയ്യയെ വധിക്കുന്നവർക്ക് ഉത്തർപ്രദേശിലെ യുവമോർച്ച പ്രസിഡന്‍റ് അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചതും വിവാദമായി. കനയ്യ കുമാറിന്‍റെ തലയറുക്കുന്നവർക്ക് പൂർവാഞ്ചൽ സേന എന്ന സംഘടന 11 ലക്ഷംരൂപ ഇനാം പ്രഖ്യാപിച്ചു. കനയ്യ കുമാറിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇടതുകക്ഷികളും രാഹുല്‍ ഗാന്ധിയും പാർലമെന്‍റിൽ ആവശ്യപ്പെട്ടു.

ഇടത്, ദളിത് വിദ്യാർ‍ത്ഥി യുവജന പ്രസ്താനങ്ങളുടെ സംയുക്തസമരങ്ങളിലും രാജ്യത്തെ പരിസ്ഥിതി, ജനകീയ പ്രക്ഷോഭങ്ങളിലും കനയ്യ കുമാർ തുടര്‍ച്ചയായി പങ്കെടുത്തു. കനയ്യയുടെ പ്രസംഗങ്ങളുടെ ശൈലി വിദ്യാർത്ഥി യുവജന പ്രവർത്തകരെ പ്രചോദിപ്പിച്ചു. ജയിലിൽ നിന്ന് ഇറങ്ങിയ ദിവസം നടത്തിയ പ്രസംഗം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. ജെഎൻയുവിലെ സമരസഖാവും സുഹൃത്തുമായ മുഹമ്മദ് മുഫ്സിൻ പട്ടാമ്പിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ അദ്ദേഹത്തിന്‍റെ പ്രചാരണത്തിനെത്തി കനയ്യ നടത്തിയ പ്രസംഗം കേൾക്കാൻ ആയിരക്കണക്കിന് പ്രവർത്തകരാണ് എത്തിയത്. പിന്നീടും നിരവധി പരിപാടികളിൽ പങ്കെടുക്കാൻ കനയ്യ കേരളത്തിലെത്തി. കൊല്ലത്ത് നടന്ന സിപിഐയുടെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ ദേശീയ കൗൺസിലിലേക്ക് കനയ്യയെ അദ്ദേഹത്തിന്‍റെ പാർട്ടി തെരഞ്ഞെടുത്തിരിക്കുന്നു. അർഹതക്കുള്ള അംഗീകാരം. വിദ്യാർത്ഥി, യുവജന നേതാവായി ശോഭിച്ച കനയ്യ സിപിഐ ദേശീയ നേതൃനിരയിലും തിളങ്ങുമോ എന്ന് കാത്തിരുന്ന് കാണാം.

Follow Us:
Download App:
  • android
  • ios