ശക്തമായ മഴ,പാറകളുടെ ബലക്ഷയം,പാറകൾക്കിടയിലെ കളിമണ്ണിന്റെ സാന്നിധ്യം എന്നിവയ്ക്കൊപ്പം അനധികൃത നിർമ്മാണപ്രവർത്തികൾകൂടിയായപ്പോൾ ദുരന്തം ഇരട്ടിയായി.കുന്നിൻചരിവിൽ റോഡ് നിർമ്മാണം,അശാസ്ത്രീയമായ ഭൂനവീകരണം,സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തൽ എന്നിവയാണ് കരിഞ്ചോലമലയിൽ നടന്നത്

കോഴിക്കോട്: 14 പേരുടെ മരണത്തിന് ഇടയാക്കിയ കോഴിക്കോട് കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിന് കാരണം അനധികൃത നിർമ്മാണപ്രവർത്തികളെന്ന് അന്വേഷണസമിതിയുടെ അന്തിമറിപ്പോർട്ട്.മലമുകളിൽ അനധികൃത തടയണയുടെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ലെന്ന് പറയുന്ന റിപ്പോ‍ർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശ ഇല്ല.അന്വേഷണറിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

ശക്തമായ മഴ,പാറകളുടെ ബലക്ഷയം,പാറകൾക്കിടയിലെ കളിമണ്ണിന്റെ സാന്നിധ്യം എന്നിവയ്ക്കൊപ്പം അനധികൃത നിർമ്മാണപ്രവർത്തികൾകൂടിയായപ്പോൾ ദുരന്തം ഇരട്ടിയായി.കുന്നിൻചരിവിൽ റോഡ് നിർമ്മാണം,അശാസ്ത്രീയമായ ഭൂനവീകരണം,സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തൽ എന്നിവയാണ് കരിഞ്ചോലമലയിൽ നടന്നത്.മലമുകളിൽ അനധികൃത തടയണ ഉണ്ടായിരുന്നോ എന്ന് വ്യക്തമാവാൻ ഉരുൾപൊട്ടലിന് മുന്പുള്ള സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിക്കണമെന്ന് അന്വേഷണസമിതി ശുപാർശചെയ്യുന്നുണ്ട്.

ഭൂഉടമയുടെ മൊഴിയും റിപ്പോർട്ടിലുണ്ട്.നിർമ്മാണപ്രവർത്തികൾക്ക് അനുമതിയുടെ ആവശ്യം ഇല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞുവെന്നാണ് മൊഴി.നിർമ്മാണപ്രവർത്തികൾക്ക് യന്ത്രങ്ങൾ ഉപയോഗിച്ചുവെന്നും മലമുകളിൽ നിന്ന് മരങ്ങൾ മുറിച്ച്മാറ്റിയെന്നും സമിതി കണ്ടെത്തി.എന്നാൽ റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശ ഇല്ല.

വിദഗ്ദ ഏജൻസികളുടെ സഹായത്തോടെ ഉരുൾപൊട്ടൽ സാധ്യതമേഖല മാപ്പിങ്ങ് നടത്തണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.റിപ്പോർട്ട് ജില്ലാ കളക്ടർ സർക്കാരിന് കൈമാറിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.ജൂൺ 14 നാണ് കരിഞ്ചോലമലയിൽ ദുരന്തം ഉണ്ടായത്.