സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് എത്തിക്കാന്‍ ഉപയോഗിക്കുന്നത് വിദ്യാര്‍ഥികളെ തന്നെ. കഞ്ചാവ് ഉപയോഗിക്കുന്നവര്‍തന്നെ പെട്ടെന്ന് പണമുണ്ടാക്കാന്‍ പിന്നീട് വാഹരാകുകയാണ് പതിവ്.പലപ്പോഴും വിദ്യാര്‍ഥികള്‍ തന്നെയാണ് തമിഴ്നാട്ടില് നിന്ന് കിലോകണക്കിന് കഞ്ചാവ് നേരിട്ട് എത്തിക്കുന്നത്. തൃശൂര്‍ നഗരത്തില്‍ മാത്രം കഴിഞ്ഞ ആറ് മാസത്തിനിടെ പിടിയിലായത് 100ലേറെ വിദ്യാര്‍ഥികളാണ്.

തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവുമായി ഒരാളെത്തും എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഷാഡോ പൊലീസ് തൃശൂര്‍ നഗരത്തിലെ പൂത്തോളില്‍ കാത്തു നില്‍ക്കുകയാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇതൊരു സ്ഥിരം കാഴ്ചയാണ്.

തമിഴ്നാട്ടില്‍ നിന്നെത്തുന്ന കഞ്ചാവിന്‍റെ പ്രധാന വിപണി ഏതാണ്? ഞങ്ങള്‍ അന്വേഷിച്ചു.

നഗരത്തിലെ സ്കൂള്‍ വിദ്യാര്‍ഥികളാണ് ഇവയുടെ പ്രധാന ഉപയോക്താക്കളെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.. അതും 11 മുതല്‍ 18 വയസ്സുവരെയുളള വിദ്യാര്‍ഥികള്‍. നഗരത്തില്‍ മാത്രം കഴിഞ്ഞ ആറ് മാസത്തിനിടെ പിടിച്ചെടുത്തത് 85 കിലോ കഞ്ചാവ്. പിടിയിലായത് വാഹകരായ 100ലേറെ വിദ്യാര്‍ത്ഥികള്‍. ഇതില്‍ 11 പേര്‍ക്കെതിരെ കേസെടുത്തു. ഭാവിയെ കരുതി ഭൂരിഭാഗം പേരെയും കൗണ്‍സിലിംഗ് നല്‍കി വിട്ടയച്ചു.

വിദ്യാര്‍ഥികളിലൂടെ തന്നെയാണ് സ്കൂളിലേക്ക് കഞ്ചാവ് എത്തിക്കുന്നത്.

അതിലൊരാളെ ഞങ്ങള്‍ കണ്ടു. തൃശൂര്‍ സ്വദേശിയായ കൗമാരക്കാരന്‍ കഞ്ചാവ് ഉപയോഗിക്കാന്‍ തുടങ്ങിയത് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്.സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികളില്‍ നിന്നാണ് ആദ്യം കിട്ടിയത്. പിന്നീട് കഞ്ചാവ് സൗജന്യമായി കിട്ടാനും അടിച്ചുപൊളി ജീവിതത്തിന് പണം കണ്ടെത്താനും വില്‍പ്പനയിലേക്ക് തിരിഞ്ഞു. തമിഴ്നാട്ടില്‍ നിന്നെത്തുന്ന നൂറുകണക്കിന് കിലോ കഞ്ചാവ് ചെറുപൊതികളിലാക്കിയാണ് വില്‍പ്പന.

രണ്ട് ഗ്രാമിന് 500 രൂപയാണ് വില. ഇതുകൊണ്ട്, ലെസ്ലേ കടലാസുപയോഗിച്ച് നാല് ബീഡി ഉണ്ടാക്കാം. സ്കൂളിനോട് ചേര്‍ന്നുളള പ്രദേശമോ നഗരത്തിലെ മാളുകളിലെ മൂത്രപുരകളോ ആണ് കഞ്ചാവ് ഉപയോഗിക്കുന്നവരുടെ കേന്ദ്രം.
ഒരു കിലോയ്‌ക്ക് താഴെ കഞ്ചാവ് കൈവശം വെച്ചാല്‍ ചെറിയ തുക പിഴ അടച്ചാല്‍ മതി. അതിനാല്‍ ഒരു കിലോയ്‌ക്ക് താഴെ കഞ്ചാവാണ് വിതരണത്തിനെത്തിക്കുന്നത്.

അതായത് പിടിയിലായാലും എളുപ്പത്തില്‍ പുറത്തിറങ്ങാവുന്ന അവസ്ഥ. അതുകൊണ്ടു തന്നെ വിദ്യാര്ത്ഥികള്‍ക്കിടയിലെ കഞ്ചാവ് ഉപയോഗം കുറച്ചുകൊണ്ടുവരാന്‍ നിയമം കര്‍ശനമാക്കുക തന്നെ വേണം.