ബംഗലൂരു: ഷൂട്ടിങ് സ്ഥലത്ത് നടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വേല ഇല്ലാ പട്ടതാരിയുടെ കന്നട റീമേക്കിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് നടി പത്മാവതി(44)യെ മരിച്ച നിലയില്‍ കണ്ടത്. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഷൂട്ടിങ് സംഘം ഉള്‍പ്പെടെ 160 പേരുണ്ടായിരുന്നു. വൈകിട്ട് അഞ്ചരയോടെ ഷൂട്ടിങ് അവസാനിച്ചപ്പോഴാണ് പത്മാവതിയെ കാണാനില്ലെന്ന് മനസിലായത്.
പിന്നീട് കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് പത്മാവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഷൂട്ടിങ് സംഘത്തിന് പറ്റിയ ഏതെങ്കിലും വീഴ്ചയാണോ മരണകാരണമെന്ന് പോലീസ് അന്വേഷിക്കുകയാണ്. നന്ദകിഷോറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. പത്മാവതി മരിച്ചത് ഷൂട്ടിങ് സൈറ്റില്‍ വെച്ചല്ലെന്നാണ് സംവിധായകന്‍റെ വാദം.
മാസങ്ങള്‍ക്കിടെ കന്നഡ സിനിമ രംഗത്തുണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞ നവംബര്‍ ഏഴിന് മാസ്തിഗുഡി സിനിമയുടെ സംഘട്ടന ചിത്രീകരണത്തിനിടെ നടന്‍മാരായ ഉദയ്, അനില്‍ എന്നിവരാണ് തിപ്പഗൊണ്ടനഹള്ളി തടാകത്തില്‍ മുങ്ങി മരിച്ചത്.
