കോട്ടയം: ശിവഗിരി തീർത്ഥാടക സർക്യൂട്ട് നാളെ വർക്കലയിൽ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശിവഗിരിയിലെ പദ്ധതികളുടെ നടത്തിപ്പ് ഐടിഡിസിക്കാണ്. അതത് സംസ്ഥാനങ്ങളെ അറിയിച്ചാണ് ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നത്. കേരളത്തിൽ നടക്കുന്ന എല്ലാ പരിപാടിക്കും സംസ്ഥാന ടൂറിസം മന്ത്രിയെ വിളിക്കാറുമുണ്ട്. പിന്നെ എന്തിനാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതെന്ന് തനിക്ക് അറിയില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. 

മുഖ്യമന്ത്രിയെയും ഈ പരിപാടി അറിയിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന നല്ല പെരുമാറ്റം തിരിച്ച് കിട്ടാറില്ല. കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിന് തന്നെ വിളിച്ചില്ലെന്നും കണ്ണന്താനം കുറ്റപ്പെടുത്തി. കേരളത്തിലെ ടൂറിസം വികസനത്തിന് 550 കോടി രൂപ നൽകി. ശബരിമലക്ക് നൽകിയ 99 കോടി രൂപയിൽ ഒന്നും ചെലവഴിച്ചിട്ടില്ലെന്നും ആരോപിച്ച കണ്ണന്താനം രണ്ട് വർഷം മുൻപാണ് കേരളത്തിന് തുക അനുവദിച്ചതെന്നും വ്യക്തമാക്കി. 

ടൂറിസം ആകര്‍ഷിക്കാന്‍ ഫെബ്രുവരി 23, 24 തിയതികളില്‍ കേരളത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പും. തൃശൂരും കാഞ്ഞിരപ്പള്ളിയിലും പരിപാടി നടക്കും. 10 സംസ്ഥാനങ്ങളിലെ കലാകാരൻമാർ പരിപാടിയില്‍ പങ്കെടുക്കുമെന്നും കണ്ണന്താനം പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം അവഗണിച്ച് ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന്‍റെ നിര്‍വഹണം ഇന്ത്യാ ടൂറിസം ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത് ഏകപക്ഷീയ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കത്തയച്ച്ത്. പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി സംസ്ഥാന ടൂറിസം ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അത് അവഗണിച്ചാണ് ഐ.ടി.ഡി.സിയെ ചുമതല ഏല്‍പ്പിക്കുന്നത്. 

തീര്‍ഥാടന സര്‍ക്യൂട്ടിന്‍റെ നിര്‍മാണ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ കേന്ദ്ര ടൂറിസം വകുപ്പ് നിശ്ചയിച്ചതില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഉണ്ടാവേണ്ട സഹകരണാത്മക ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് മലയാളിയായ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഈ പ്രശ്നം കൈകാര്യം ചെയ്തത്. ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. 

ശ്രീനാരായണഗുരു സ്പിരിച്വല്‍ സര്‍ക്യൂട്ടിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 10-ന് വര്‍ക്കല ശിവഗിരിയില്‍ നടത്താന്‍ തീരുമാനിച്ചതായി അറിയിച്ചുകൊണ്ട് അല്‍ഫോണ്‍സ് കണ്ണന്താനം ഒരു കത്തയച്ചിരുന്നു. ഇങ്ങനെയൊരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് നന്ദിയുണ്ട്. ഈ പദ്ധതി മുന്നോട്ടുവെച്ചതും വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) കേന്ദ്രത്തിന് സമര്‍പ്പിച്ചതും സംസ്ഥാന സര്‍ക്കാരാണ്. ഈ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി അംഗീകരിച്ചത്. പദ്ധതിയുടെ ആവര്‍ത്തനച്ചെലവുകള്‍ ഏറ്റെടുക്കാനും പരിപാലനം നടത്താനും സംസ്ഥാനം സന്നദ്ധതയും അറിയിച്ചിരുന്നു. ഇതൊക്കെയായിട്ടും സംസ്ഥാനവുമായി ആലോചിക്കാതെ ഉദ്ഘാടന പരിപാടി നടത്തുന്നത് നിരാശജനകമാണ്. 

ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചും സംസ്ഥാനത്തെ വിശ്വാസത്തിലെടുത്തുമാണ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കാറുള്ളത്. അല്ലാതെ, ഉദ്ഘാടന തീയതി നിശ്ചയിച്ച് മുഖ്യമന്ത്രിമാരെ അറിയിക്കുന്ന രീതിയില്ല എന്ന് വ്യക്തമാക്കി അല്‍ഫോണ്‍സ് കണ്ണന്താനം അയച്ച കത്തിന്‍റെ പകര്‍പ്പ് സഹിതമാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി എഴുതിയത്.