ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സുരേഷ് പ്രഭു ഇക്കാര്യം അറിയിച്ചത്

ദില്ലി: കണ്ണൂർ വിമാനത്താവളത്തിന്‍റെ പ്രവർത്തനം സെപ്റ്റംബറിൽ തുടങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നി‍ർദ്ദേശം നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സുരേഷ് പ്രഭു ഇക്കാര്യം അറിയിച്ചത്.

കണ്ണൂർ വിമാനത്താവളം എത്രയും വേഗം പ്രവർത്തനം തുടങ്ങാനുള്ള നടപടികളാണ് കൂടിക്കാഴ്ച്ചയിൽ പ്രധാനമായും ചർച്ചചെയ്തത്. നടപടികൾ വേഗത്തിലാക്കാൻ എയർപോർട്ട് അതോററ്റി ചെയർമാനും വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയതായി സുരേഷ് പ്രഭു പറഞ്ഞു.

സംസ്ഥാനത്തെ ടുറിസം വികസനത്തിനായി വിശദമായ പദ്ധതിരേഖ സമർപ്പിക്കാൻ സുരേഷ് പ്രഭു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജപ്പാൻ കമ്പനികളുടെ സഹകരണത്തോടെ കേരളത്തിൽ സമുദ്രോൽപ്പന്ന ഫാക്ടറി സ്ഥാപിക്കാൻ ആലോചിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ദേശീയ തലത്തിൽ റബർ നയം രൂപീകരിക്കാൻ ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.