കണ്ണൂർ വിമാനത്താവളം നിർമ്മാണം അവസാനഘട്ടത്തിൽ നൂതന സംവിധാനങ്ങൾ സജ്ജം കേന്ദ്ര അനുമതിക്ക് കാത്ത് വിമാനത്താവളം അന്താരാഷ്ട്ര സർവ്വീസുകൾ കാത്ത് വ്യവസായികൾ
കണ്ണൂര്‍:കണ്ണൂർ വിമാനത്താവളം അവസാനഘട്ട മിനുക്കുപണികളിലേക്ക് കടന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതിയാണ് ഇനിയുള്ള കടമ്പ. അന്താരാഷ്ട്ര സർവ്വീസുകളുടെ കാര്യത്തിൽ കണ്ണൂരിന് കേന്ദ്ര സർക്കാർ പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യം ശക്തമാണ്. സെപ്തംബറിൽ ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളം വീണ്ടും വികസിപ്പിക്കാനുള്ള സാധ്യതകൾ ബാക്കിവെച്ചാണ് ആദ്യഘട്ട നിർമ്മാണം പൂർത്തിയാകുന്നത്.
നിലവിൽ പത്ത് ലക്ഷം ചതുരശ്ര അടിയുള്ള ടെർമിനൽ ബിൽഡിങ് ഇനിയും വികസിപ്പിക്കാനാകും. വലിയ വിമാനങ്ങൾക്കായി റൺവേ 4000 മീറ്ററാക്കും. പരമാവധി വൈദ്യുത ഉപഭോഗം കുറച്ചുള്ള ഗ്രീൻബിൽഡിങ്ങാണ് ടെർമിനൽ. സോളാർ സംവിധാനവും ഉടനെത്തും. ആഭ്യന്തര അന്താരാഷ്ട്ര വേർതിരിവില്ലാതെ ഏകജാലക രീതിയിലാണ് ടെർമിനലിലെ കൗണ്ടറുകൾ.
ബാഗേജ് കൈകാര്യം ചെയ്യുന്നതിനും പാർക്കിങ്, എയ്റോബ്രിജ് സംവിധാനങ്ങളും സജ്ജമാണ്. ഗൾഫ് മേഖലയാകും പ്രധാന വരുമാനമെന്നിരിക്കെ, യുഎഇ എയർപോർട്ടുകളിൽ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ലഭിക്കുന്ന സമയത്തെയും സീറ്റുകളെയും ചൊല്ലിയുള്ള തർക്കം കണ്ണൂരിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
എന്നാൽ അന്താരാഷ്ട്ര സർവ്വീസുകളുടെ കാര്യത്തിൽ ചർച്ചകളിലൂടെ തീരുമാനമാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. കേന്ദ്ര അനുമതിയോടെയാണ് വിമാനത്താവളത്തിന്റെ സാധ്യതകളുടെ പൂർണചിത്രം വ്യക്തമാവുക.
