മണ്ണുമാന്തിയും മണ്ണിനടിയിലായി; ഉരുള്‍പ്പൊട്ടല്‍ ഭീഷണിയില്‍ കുലുക്കമില്ലാതെ അധികൃതര്‍

കണ്ണൂര്‍: ഉരുൾപൊട്ടലുണ്ടായ കണ്ണൂരിലെ മലയോര മേഖലയായ കൂട്ടുപുഴയിൽ ദുരന്തങ്ങളിൽ നിന്നും പാഠംപഠിക്കാതെ പൊതുമരാമത്ത് വകുപ്പ്. റോഡ് വികസനത്തിനായി വൻതോതിൽ കുന്നിടിച്ച സ്ഥലങ്ങളിൽ മണ്ണിടിയുന്നത് പതിവാണ്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും നടപടിയില്ല. കച്ചേരിക്കടവ് പാലത്തിന്റെ പണി നടക്കുന്നതിന് തൊട്ടുമുകളിലും മണ്ണിടിച്ചിലുണ്ടായി. ഒരു മണ്ണുമാന്തി യന്ത്രം പൂർണ്ണമായും മണ്ണിനടിയിലായി. തൊട്ടടുത്ത് തൊഴിലാളികൾ താമസിക്കുന്ന ഷെഡുമുണ്ടായിരുന്നു.

മഴയിൽ മണ്ണിടിഞ്ഞ് കൊണ്ടിരിക്കുമ്പോഴും പണി തുടരുകയാണ്. ഉറപ്പില്ലാത്ത മണ്ണാണ് ഇവിടുത്തേതെന്നും മഴ പെയ്താൽ ദുരന്തമുണ്ടാകുമെന്നും അറിയാഞ്ഞിട്ടല്ല. പക്ഷെ ഷെഡ് ഇവിടെ നിന്ന് മാറ്റാനോ സുരക്ഷയൊരുക്കാനോ അധികൃതര്‍ തയാറായിട്ടില്ല. കൂട്ടുപുഴക്കും ഇരിട്ടിക്കുമിടയിൽ നൂറടി വരെ കുത്തനെ ഉയരത്തിൽ മണ്ണെടുത്ത കുന്നുകൾ ഇടിഞ്ഞ് കൊണ്ടേയിരിക്കുന്നു.

അടിയിലൂടെ കടന്ന് പോകുന്ന സ്കൂൾ കുട്ടികളും വാഹനങ്ങളും. ഏത് നിമിഷവും നിലംപൊത്താവുന്ന ദുരന്തം. മണ്ണിടിഞ്ഞ് രണ്ടുപേർ കുടുങ്ങിയ മാടത്തിൽ പള്ളിക്ക് സമീപം പള്ളി അധികൃതർ കെട്ടി ഭദ്രമാക്കിയപ്പോഴും പണിതീർന്ന ഇടങ്ങളിൽപ്പോലും സർക്കാർ വകുപ്പുകൾ തൊട്ടിട്ടില്ല. ഉടനെ ചെയ്യാമെന്ന മറുപടി മാത്രം. ഉരുൾപൊട്ടൽ നാശംവിതച്ച സ്ഥലത്താണ് ഈ ഞാണിന്മേൽക്കളി.