സുപ്രീം കോടതി വിധി പ്രതികൂലമായതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം. കേസ് നടത്തിയതില്‍ മാനേജ്മെന്റിന് സംഭവിച്ച വീഴ്ച്ചയാണ് വിധി എതിരാകാന്‍ കാരണമെന്നാരോപിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായെത്തി.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാനേജ്മെന്റ് വിളിച്ച യോഗത്തിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ചത്. കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയ 150 കുട്ടികളുടെ പ്രവേശനം റദ്ദാക്കിയ ജയിംസ് കമ്മറ്റിയുടെ നടപടിക്കെതിരെ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയതോടെ ആശങ്കയിലാണിവര്‍. പ്രവേശനം സംബന്ധിച്ച് ശരിയായ രേഖകള്‍ ഹാജരാക്കുന്നതില്‍ മാനേജ്മെന്റിനുണ്ടായ വീഴ്ച്ചയാണ് തിരിച്ചടിക്ക് കാരണമെന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു.

ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മറ്റ് കോളജുകളില്‍ പ്രവേശനം നേടാനോ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന പരീക്ഷ എഴുതാനോ സാധിക്കില്ലെന്നതിനാല്‍ കുട്ടികളുടെ ഭാവിയെ കരുതി സര്‍ക്കാരും ജയിംസ് കമ്മറ്റിയും പ്രശ്നത്തില്‍ ഇടപെടണമെന്നാണ് ആവശ്യം. കുറഞ്ഞ മാര്‍ക്കുണ്ടായിട്ടും മറ്റ് കോളജുകളില്‍ പ്രവേശനം നേടിയ കുട്ടികള്‍ പഠനം തുടരുന്നുണ്ടെന്നും ഇക്കാര്യം ജയിംസ് കമ്മറ്റി പരിഗണിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം പ്രതിഷേധങ്ങളോടോ, സുപ്രിംകോടതി വിധിയോടോ പ്രതികരിക്കാന്‍ മാനേജ്മെന്റ് ഇതുവരെ തയാറായിട്ടില്ല.