അതേസമയം ബില്ലിനെ ചൊല്ലി കോണ്‍ഗ്രസിലും ബിജെപിയിലും തര്‍ക്കം രൂക്ഷമായി.

കണ്ണൂര്‍: കരുണ കണ്ണൂര്‍ മെഡി. കോളേജുകളിലെ പ്രവേശനം സാധൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന്മേല്‍ ഗവര്‍ണറുടെ നിലപാടാണ് ഇനി നിര്‍ണായകം. നടപടികള്‍ പൂര്‍ത്തിയാക്കി ഗവര്‍ണര്‍ക്ക് ഇന്ന് തന്നെ ബില്‍ അയച്ചേക്കും. അതേസമയം ബില്ലിനെ ചൊല്ലി കോണ്‍ഗ്രസിലും ബിജെപിയിലും തര്‍ക്കം രൂക്ഷമായി.

സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി കിട്ടിയെങ്കിലും ബില്ലുമായി തത്ക്കാലം മുന്നോട്ട് എന്നാണ് സര്‍ക്കാര്‍ തീരുമാനം. ഓര്‍ഡിനന്‍സിനാണ് സ്റ്റേ, ബില്ലിനല്ല എന്ന വിശദീകരണമാണ് സര്‍ക്കാരിനുളളത്. സ്പീക്കര്‍ ഒപ്പിട്ട ബില്ലിന്റെ പകര്‍പ്പ് നിയമ വകുപ്പിന് കൈമാറി. മുഖ്യമന്ത്രി കണ്ടശേഷം ഇന്ന് തന്നെ ഗവര്‍ണര്‍ക്ക് അയച്ചേക്കും. അതേസമയം ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ ബില്‍ തിരിച്ചയക്കാമെന്ന സുപ്രീംകോടതി പരാമര്‍ശം നിലനില്‍ക്കുന്നു. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണറുടെ തീരുമാനമാണ് പ്രധാനം. 

ഗവര്‍ണര്‍ ഒപ്പിട്ടാലും ബില്ലിനെ പരാതിക്കാരായ മെഡിക്കല്‍ കൗണ്‍സില്‍ കോടതിയില്‍ ചോദ്യം ചെയ്യാനാണ് സാധ്യത. 4 ആഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രിം കോടതി സ്വീകരിക്കുന്ന നിലപാടും പ്രധാനം. ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായാലും സുപ്രീം കോടതിക്ക് നിയമം അസാധുവാക്കാം. 

മറുഭാഗത്ത്, ബില്ലിനെ ചൊല്ലി രാഷ്ട്രീയ പോരും മുറുകയാണ്. സര്‍ക്കാരിനെ വെട്ടിലാക്കാനുളള സുവര്‍ണാവസരം കളഞ്ഞുകുളിച്ചെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ നിലപാട്. ബിജെപിയിലും ഭിന്നത നിലനില്‍ക്കുന്നു, ബില്ലിനെ ആദ്യം പിന്തുണച്ച സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ എംപിയുടെ പരസ്യപ്രസ്താവനയോടെ മലക്കം മറിഞ്ഞു. എങ്കിലും വിദ്യാര്‍ത്ഥി താല്‍പര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുമ്മനം കത്തയച്ചതില്‍ മുരളീധര വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്.