ബുധനാഴ്ച പുലർച്ചെയാണ് പരിയാരം വായാട് അബ്ദുൾ ഖാദറിനെ ക്രൂരമായി മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. കാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ കണ്ട ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടായിരുന്നു.നാൽപ്പത്തിയഞ്ച് മുറിവുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. മർമ്മസ്ഥാനങ്ങളിൽ അടിയേറ്റിരുന്നു. ഇടതുകാലും വലതുകയ്യും ഒടിച്ച നിലയിലാണ് ഉണ്ടായിരുന്നത്.

ചൊവ്വാഴ്ച രാത്രി ഒരു സംഘം ഖാദറിനെ ബക്കളത്തെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുറച്ചുദിവസമായി ഇവർ ഖാദറിനെ പിന്തുടർന്നിരുന്നു എന്നാണ് അന്വേഷണസംഘം പറയുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഏഴ് പേരെ കസ്റ്റഡിയിൽ എടുത്തത്. ഖാദറിനെ കൈകാര്യം ചെയ്യണമെന്ന സന്ദേശം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും ഇവരാണെന്നാണ് വിലയിരുത്തൽ.

മോഷണക്കുറ്റം ആരോപിച്ച് മൂന്ന് വർഷം മുമ്പും നാട്ടുകാരിൽ ചിലർ ഖാദറിനെ മർദിച്ചിരുന്നു. നിരന്തരം ശല്യമുണ്ടാക്കുന്ന ഖാദറിനോടുളള വൈരാഗ്യമാണോ കൊലയ്ക്ക് കാരണമെന്നും പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലുളളവർക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചാൽ അറസ്റ്റ് രേഖപ്പെടുത്താൻ കഴിയുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.