നിലവിളി കേട്ട് ഓടിയെത്തിയ മകളാണ് പൊലീസിൽ വിവരം അറിയിച്ചത്
കണ്ണൂർ: ചക്കരക്കലിനടുത്ത് വെള്ളച്ചാലിൽ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വെള്ളച്ചാൽ സ്വദേശി ശ്രീലതയാണ് ഭർത്താവ് പ്രദീപിന്‍റെ വെട്ടേറ്റ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ ചൊല്ലി ഇരുവർക്കുമിടയിലുണ്ടായ തർക്കമാണ് കൊലപാതക്കത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രദീപ് സ്വന്തം വീട്ടുകാരുമായി ഇടപഴകുന്നതിനെ ശ്രീലത എതിർത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. രണ്ടാഴ്ച മുമ്പ് തർക്കം രൂക്ഷമായതിനെ തുടർന്ന് ഇരുവരും എടക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു.
ഇരുവരുടേയും പ്രശ്നങ്ങൾ കേട്ട ശേഷം പൊലീസ് ഫാമിലി കൗണ്‍സിലിംഗിന് നിർദ്ദേശിക്കുകയും ഇതിന് വേണ്ട നടപടി ക്രമങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. കൗൺസിലിംഗിന് ഹാജരാകാമെന്ന് സമ്മതിച്ച ശേഷം ഇരുവരും ഒന്നിച്ച് വീട്ടിലേക്ക് പോയെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി വീണ്ടും വഴക്കുണ്ടാകുകയും തർക്കം മൂത്തതോടെ പ്രദീപ് ഭാര്യയെ വെട്ടുകയുമായിരുന്നു. കഴുത്തിന് വെട്ടേറ്റ ശ്രീലത സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ മകളാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രദീപിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
