Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ സിബിഐ എത്തിയപ്പോള്‍: കുടുങ്ങിയത് എല്ലാം സിപിഎം

  • കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളിൽ   സിബിഐ ഏറ്റെടുക്കുന്ന അഞ്ചാമത്തെ കേസാണ് ഷുഹൈബ് വധക്കേസ്
Kannur Murders CBI case history

കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളിൽ   സിബിഐ ഏറ്റെടുക്കുന്ന അഞ്ചാമത്തെ കേസാണ് ഷുഹൈബ് വധക്കേസ്.  നാലു കേസുകളിലും ഗൂഡാലോചനയും ആസൂത്രണവും നടത്തിയവരിലേയ്ക്കും  സി.ബി.ഐ അന്വേഷണം നീണ്ടു .നേതാക്കളെയും  പ്രതിയാക്കി   

കണ്ണൂരിന്‍റെ രാഷ്ട്രീയ  കൊലപാതകകേസുകളിൽ ആദ്യമായി സിബിഐ അന്വേഷണം വരുന്നത് 2006 നടന്ന ഫസൽ വധക്കേസിലാണ്.  ലോക്കൽ പൊലീസിന്‍റെയും  ക്രൈം ബ്രാഞ്ചിന്‍റെയും അന്വേഷണം എവിടെയും നീങ്ങുന്നില്ലെന്ന അവസ്ഥയില്‍, ഫസലിന്‍റെ ഭാര്യയുടെ അഭ്യർത്ഥന പ്രകാരം കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. 2008ൽ അന്വേഷണം തുടങ്ങിയ സിബിഐ,  സിപിഎം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെ 8പേരെ പ്രതിയാക്കി.  

2012ൽ പയ്യോളിയിൽ  ബിഎംഎസ് നേതാവ് മനോജ്  കൊല്ലപ്പെട്ട കേസാണ്  സിബിഐ രണ്ടാമത് ഏറ്റെടുത്തത്. ഇതും ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലെ പാളിച്ച ഹൈക്കോടതി ചൂണ്ടിക്കാട്ടി  സിബിഐക്ക് വിട്ടു.  7 സിപിഎം നേതാക്കൾ ഉൾപ്പെടെ 9 പേരെ സിബിഐ അറസ്റ്റ് ചെയ്തു.    
സിപിഎം കണ്ണൂർ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ രണ്ട് സംഭവങ്ങളാണ് പിന്നീട് സിബിഐ ഏറ്റെടുക്കുന്നത്.  

അരിയിൽ ഷൂക്കൂർ വധക്കേസും  കതിരൂർ മനോജ് വധക്കേസും.  പി. ജയരാജന്‍, ടിവി രാജേഷ്‌ എംഎല്‍എ എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു കല്ലെറിഞ്ഞതിന് പാർട്ടി വിചാരണ നടത്തി ലീഗ്‌ പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ വധിച്ചു എന്നായിരുന്നു കേസ്‌.  ഷുക്കൂറിന്റെ അമ്മയുടെ  അപേക്ഷ പരിഗണിച്ച് സിബിഐ ഏറ്റെടുത്തു.  കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 7 പേർക്കൊപ്പം ആസൂത്രണത്തിൽ പങ്കാളികളെന്ന പേരിൽ  ജയരാജനെയും  ടി വി രാജേഷിനെയും പ്രതിചേർത്തു. ആർഎസ്എസ് പ്രവർത്തകനായ കതിരൂർ മനോജിനെ കൊലപ്പെടുത്തിയത്   15 വ‍ർഷം മുന്‍പ് പി ജയരാജനെ ആക്രമിച്ചതിനുള്ള പ്രതികാരമെന്നാണ് കുറ്റപത്രത്തിലുളളത്.  

യുഎപിഎ ചുമത്തി  പി ജയരാജനെ സിബിഐ  ഒരുമാസത്തോളം ജയിലിലടച്ചു.  ഈ കേസിൽ ഇപ്പോൾ ജാമ്യത്തിലാണ് പി ജയരാജൻ. ഏറ്റവുമൊടുവിൽ ഷുഹൈബ് വധക്കേസിൽ  പൊലീസ്  അന്വേഷണം  തൃപ്തികരമെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴാണ്  സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.

Follow Us:
Download App:
  • android
  • ios