കണ്ണൂര്‍: കണ്ണൂർ പാനൂരിൽ പൊലീസ് നടത്തിയ വ്യാപക റെയ്ഡിൽ 7 ബോംബുകളും ഒരു കൊടുവാളും പിടിച്ചെടുത്തു. അതിനിടെ കൈവേലിക്കലിൽ ബോംബേറ് കേസിലെ പ്രതിയെ പിടികൂടാനുള്ള പൊലീസ് ശ്രമത്തിനിടെ അഞ്ചു വയസ്സുകാരന്റെ കൈയൊടിഞ്ഞു. പാനൂർ മേഖലയിൽ ദിവസങ്ങലായി സി.പി.എം.-ബി.ജെ.പി. സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ പരിശോധന.
ഏഴ് നാടൻ ബോംബുകളും ഒരു കൊടുവാളും പ്രദേശത്തെ പുത്തൂർ പുല്ലമ്പ്ര ദേവീക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച നിലയിലായിരുന്നു. അടുത്ത കാലത്ത് നിർമിച്ച നാടൻ ബോംബുകളാണ് കണ്ടെത്തിയത്. ഉഗ്രസ്ഫോടകശേഷി ബോംബുകളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. കണ്ടെടുത്ത ബോംബുകൾ പാനൂർ സ്റ്റേഷൻ വളപ്പിലേക്ക് മാറ്റി. തലശ്ശേരി ഡി.വൈ.എസ്.പി.പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പതിനഞ്ചോളം പേരെ മുൻകരുതലായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും റെയ്ഡ് തുടരും. ഇന്നലെ രാത്രിയിലും സി.പി.എം.പ്രവർത്തകന് പാനൂരിൽ വെട്ടേറ്റിരുന്നു. പുത്തൂർ മഠപ്പുരക്ക് സമീപത്തെ അഷ്റഫിനാണ് വെട്ടേറ്റത്. അതെസമയം സിപിഎം ലോക്കൽ സമ്മേളനത്തിനു നേരെ ബോംബെറിഞ്ഞ പ്രതിയെ പിടിക്കാൻ എത്തിയ പൊലീസ്,പ്രതിയെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെയാണ് 5 വയസ്സുകാരനെ തട്ടിയിട്ടത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കൈയൊടിഞ്ഞ് ചികിത്സയിലാണ്.
