കൂത്തുപറമ്പ് വണ്ണാത്തിമൂലയിലെ സുരേഷ് ബാബു.സിപിഐഎം പ്രവർത്തകൻ. രാഷ്ട്രീയ കുടിപ്പകയിൽ ഇരയാക്കപ്പെട്ട ജീവിതം. വെട്ടേറ്റ് ചലനശേഷിയറ്റ ഇടതുകാലും ഇടിക്കട്ട കൊണ്ടേറ്റ മർദനങ്ങളും തനിച്ച് എഴുന്നേൽക്കാൻ പോലുമാകാത്തവിധം ദുരിതത്തിലാക്കിയിരിക്കുന്നു സുരേഷിനെ.

സംഭവം കഴിഞ്ഞ ഏപ്രിൽ 16ന് തെരഞ്ഞെടുപ്പ് കാലത്ത് രാത്രി. പ്രകോപനം ഒരു ഫ്ലക്സ് ബോർഡ് വെക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം മാത്രം. വണ്ണാത്തിമൂലയിലെ ഒരു കല്യാണവീട്ടിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം മടങ്ങുംവഴിയായിരുന്നു സുരേഷ് വാൾമുനയിൽ ,വീണത്..

കല്ലുവെട്ടായിരുന്നു തൊഴിൽ. കണ്ടാൽ ചിരിച്ചിരുന്നവരുടെ രാഷ്ട്രീയ വൈരം വെട്ടിയരിഞ്ഞ ഇടതുകാൽ കൊണ്ട് ഇനിയെന്തെന്ന് സുരേഷിനറിയില്ല. വെട്ടിത്തീർക്കലുകളുടെ കഥകൾ വീണ്ടും കണ്ണൂരിൽ കേൾക്കുമ്പോഴും.

പിണറായിയിലെ ആര്‍എസ്എസ് പ്രവർത്തകനാണ് പ്രേംജിത്ത്, കഴുത്ത് ലക്ഷ്യമാക്കി വന്ന വെട്ടുകൾ കൈകൾ കൊണ്ട് തടഞ്ഞപ്പോൾ ഒരു കൈപ്പത്തി അറ്റു പോയി. വലതുകൈപ്പത്തി എങ്ങനെയോ തുന്നിച്ചേർക്കാനായെങ്കിലും ആശാരിപ്പണി ചെയ്ത് ജീവിച്ചിരുന്ന പ്രേംജിത്തിന് നഷ്ടമായത് ജീവിതമാണ്.

2007ൽ ജീപ്പിടിപ്പിച്ച്, ശരീരമാസകലം വെട്ടി വീഴ്ത്തിയ ശേഷം മുറിവിൽ മണ്ണ് വാരിയിട്ടതിനാൽ അതിന്‍റെ അസ്വസ്ഥകൾ വേറെ. പ്രകോപനമൊന്നുമില്ലാതെ നടന്ന ആക്രമണത്തിന് ശേഷം, പ്രേംജിത്ത് ഇപ്പോൾ അധികം പുറത്തിറങ്ങാറില്ല. പരിക്കേറ്റവരാരും അക്രമങ്ങളെ അംഗീകരിക്കുന്നില്ലെന്നത് മറ്റൊരു യാഥാർത്ഥ്യം.

കണ്ണൂരിൽ ഇത്തരം കേസുകളിലുൾപ്പെടുന്നവരധികവും 25ന് താഴെയുള്ള യുവാക്കളാണ്.. ഒരിക്കൽ കേസിലുൾപ്പെട്ടാൽ പിന്നെ ഭയന്നും സ്വയരക്ഷ കരുതിയും അതുതന്നെ തുടരേണ്ട അവസ്ഥ.