കണ്ണൂര്‍: കണ്ണൂര്‍ ശ്രീണ്ഠാപുരത്ത് പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. യത്തീംഖാനയില്‍ താമസിച്ചു പഠിക്കുകയായിരുന്ന കുട്ടിയെ വീട്ടിലെത്തുമ്പോഴും ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോയുമാണ് പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ശ്രീകണ്ഠാപുരം നടുവില്‍ സ്വദേശി മൊയിതീനാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ചെറുപ്പം മുതല്‍ യത്തീംഖാനയില്‍ നിന്നാണ് കുട്ടി സ്കൂളില്‍ പോകുന്നത്. രണ്ടാനച്ഛനായ മൊയ്തീന്‍ കുട്ടി വീട്ടില്‍ വരുമ്പോഴൊക്കെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നു. അമ്മ അറിയാതെ കഴിഞ്ഞ കുറേ മാസങ്ങളായി യത്തീംഖാനയില്‍ നിന്ന് കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി ദൂരെസ്ഥലങ്ങളില്‍ കൊണ്ടുപോകും. ഇത്തരത്തില്‍ പലതവണ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്കൂള്‍ അധികൃതരാണ് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുന്നത്.
തുടര്‍ന്ന് ചൈള്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിംലിങ്ങിലാണ് പീഡനവിവരം കുട്ടി തുറന്നുപറഞ്ഞത്. പീഡനത്തെക്കുറിച്ച് കുട്ടി ഇതുവരെ അമ്മയോട് പറഞ്ഞിരുന്നില്ല. ചൈള്‍ഡ് ലൈന്‍റെ പരാതിയില്‍ കേസെടുത്ത ശ്രീകണ്ഠാപുരം പൊലീസ് മൊയ്തീനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈദ്യപരിശോധനയ്‌ക്ക് ശേഷം തളിപ്പറമ്പ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
