പൊലീസിന്റെ ശക്തമായ സുരക്ഷാവലയത്തില്‍ കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടക്കും. സംഘപരിവാറും ഒപ്പം സിപിഎമ്മും പ്രത്യേകം ഘോഷയാത്രകള്‍ നടത്തുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്. അക്രമം ഉണ്ടായാല്‍ നേതാക്കളെ പ്രതിചേര്‍ത്ത് കേസെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഇരുപാര്‍ട്ടികളെയും അറിയിച്ചിട്ടുണ്ട്.

സംഘപരിവാറിനെ കൂടാതെ സിപിഎമ്മും വിപുലമായ ആഘോഷങ്ങള്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ നടത്തുന്ന സാഹചര്യത്തിലാണ് കണ്ണൂരില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് ആര്‍എസ്എസും വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷം അഴിച്ചുവിടാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് സിപിഎമ്മും ആരോപിച്ചിരുന്നു. വാക്ക്‌പോര് രൂക്ഷമായപ്പോള്‍ പൊലീസ് ഇടപെട്ട് വിവിധ സ്ഥലങ്ങളില്‍ സിപിഎമ്മിനും ആര്‍എസ്എസ്സിനും ആഘോഷങ്ങള്‍ നടത്താന്‍ പ്രത്യേക സ്ഥലവും സമയവും നിശ്ചിയിച്ചുനല്‍കിയിട്ടുണ്ട്. 300 ലധികം കേന്ദ്രങ്ങളില്‍ സംഘപരിവാര്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ നടത്തുമ്പോള്‍ അതിന് ബദലായി ജില്ലയിലെ 210 കേന്ദ്രങ്ങളില്‍ സിപിഎം സാംസ്‌കാരിക ഘോഷയാത്രകള്‍ നടത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സംഘര്‍ഷസാധ്യത മുന്നില്‍ക്കണ്ട് 362 കേന്ദ്രങ്ങളില്‍ മാത്രമാണ് ഘോഷയാത്രകള്‍ പൊലീസ് അനുമതി നല്‍കിയിരിക്കുന്നത്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി അക്രമങ്ങള്‍ നടന്ന അമ്പാടിമുക്ക്, ചാല, തൊക്കിലങ്ങാടി തുടങ്ങിയ പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തലശ്ശേരി, കതിരൂര്‍, തില്ലങ്കേരി, പയ്യന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളെ പ്രശ്‌നബാധിക മേഖലായി പ്രഖ്യാപിച്ചിട്ടുണ്ട്. 2015 ല്‍ കണ്ണൂരില്‍ തുടങ്ങിയ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ സിപിഎം ഇത്തവണ സംസ്ഥാനവ്യാപകമായി വിപുലമായ രീതിയിലാണ് ആഘോഷിക്കുന്നത്. ശ്രീനാരായണഗുരു ജയന്തി മുതല്‍ ചട്ടമ്പി സ്വാമി ജയന്തി വരെയുള്ള ദിവസങ്ങളില്‍ സംഘടിപ്പിച്ച പരിപാടികളുടെ സമാപനമാണ് ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം നടത്തുന്നത്. പോയ വര്‍ഷങ്ങളില്‍ ജില്ലയില്‍ സിപിഎം സംഘടിപ്പിച്ച ശോഭായാത്രകളില്‍ ഉണ്ടായ വിവാദങ്ങള്‍ ഇത്തവണ ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്ന് പാര്‍ട്ടിഘടകങ്ങള്‍ക്ക് നേതാക്കള്‍ നല്‍കിയിട്ടുണ്ട്.