അടുത്തകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നായിരുന്നു കാണ്‍പൂരിലേത്. പുലര്‍ച്ചെ 3.10നാണ് അപകടം നടന്നതെങ്കിലും ആറു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങാനായത്. പ്രധാനപാതയിലേക്കുള്ള റോഡ് ഗതാഗതസൗകര്യം കുറഞ്ഞതും രക്ഷാപ്രവര്‍ത്തനം വൈകാൻ കാരണമായി. മണിക്കൂറുകള്‍ക്ക് ശേഷമാണ് പലരേയും ആശുപത്രികളിലെത്തിക്കാന്‍ കഴിഞ്ഞത്. അപകട സമയത്ത് യാത്രക്കാർ നല്ല ഉറക്കത്തിലായിരുന്നു. മറ്റു ബോഗികളിലുള്ള യാത്രക്കാര്‍ തന്നെയാണ് തകർന്ന ബോഗികളിൽ നിന്ന് മരണപ്പെട്ടവരെയും പരിക്കേറ്റവരെയും ആദ്യം പുറത്തെടുത്തത്. പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടാണ് യാത്രക്കാരില്‍ പലരും മരണത്തിനു കീഴടങ്ങിയത്.

സംഭവത്തില്‍ ഫോറൻസിക് ഉൾപ്പെടെയുള്ള വിദഗ്ദ അന്വേഷണത്തിന് കേന്ദ്ര റെയിൽമന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് റെയിൽവേ മന്ത്രി പാർലമെന്റിൽ പറഞ്ഞു. ബുള്ളറ്റ് ട്രെയിനോടിക്കാൻ വെമ്പൽ കൊള്ളുന്ന പ്രധാനമന്ത്രിക്ക് റെയിൽ സുരക്ഷയെ കുറിച്ച് ശ്രദ്ധയില്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. അപകടത്തെ തുടര്‍ന്ന് താളം തെറ്റിയ ട്രെയിന്‍ ഗതാഗതം ഉടന്‍ ശരിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.